ബാങ്കോക്കിൽ കഴിഞ്ഞയാഴ്ചയായിരുന്നു മിസ് ഗ്രാന്റ് ഇന്റർനാഷനൽ 2024 മത്സരം നടന്നത്. ആ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത രണ്ട് സുന്ദരികൾ തമ്മലുളള സൗഹൃദത്തെ കുറിച്ചുള്ള ഹൃദയത്തിൽ തൊടുന്ന കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള റേച്ചൽ ഗുപ്തയാണ് സൗന്ദര്യ റാണിയായത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി മിസ് ഗ്രാന്റ് ഇന്റർനാഷനൽ ചൂടുന്നത്.
പാകിസ്താനിലെ പഞ്ചാബിൽ നിന്നുള്ള റോമ മൈക്കിളിനെ അഭിസംബോധന ചെയ്താണ് റേച്ചലിന്റെ കുറിപ്പ്. അതിരുകൾ ഞങ്ങളെ രണ്ടു ദിക്കുകളിലേക്ക് മാറ്റിയിരിക്കാം. എന്നാൽ ഞങ്ങൾക്കിടയിലെ സ്നേഹത്തെ തടുത്തുനിർത്താൻ ഒരാൾക്കും കഴിയില്ല.-എന്നാണ് റേച്ചൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
റോമ, നിന്റെ ധൈര്യത്തെയും ദയാവായ്പിനെയും കുറിച്ച് ഓർക്കുമ്പോൾ എന്റെ ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടുകയാണ്. നിന്നോടൊപ്പം മത്സരിക്കാൻ സാധിച്ചത് തന്നെ വലിയ അഭിമാനമാണ്. വീട്ടിൽ നിന്ന് അകലെ മറ്റൊരു വീട് കണ്ടെത്തുന്നത് പോലെയാണത്. നിന്റെ ദയയും കഠിനാധ്വാനവും ശക്തിയും എല്ലാവർക്കും മാതൃകയാണ്. നീ സ്വയം വിജയിച്ച എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനിക്കുന്നു. അതിർത്തികൾ നമ്മെ അകറ്റി നിർത്തിയേക്കാം, എന്നാൽ നമ്മൾക്കിടയിലെ സ്നേഹത്തെ ഇല്ലാതാക്കാൻ അവർക്ക് കഴിയില്ല. ഒരേ രക്തമാണ് നമ്മുടെ സിരകളിൽ ഒഴുകുന്നത്. ഞാൻ നിന്റെ എക്കാലത്തേയും സുഹൃത്തായിരിക്കും. ഇന്ത്യയിൽ നിനക്കായി ഒരു വീടുമുണ്ടാകും. റോമ നീ തലയുയർത്തിപ്പിടിക്കുക, നീ ഒറ്റയ്ക്കല്ല, നമ്മളൊരുമിച്ച് വലിയൊരു ശക്തിയാണ്. കാരണം. ഭിന്നിപ്പിക്കുന്നത് എന്താണോ അത് നമ്മളെ തമ്മിൽ ഒന്നിപ്പിക്കുന്നതിനേക്കാൾ വലുതല്ല''-എന്നാണ് കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.