ന്യൂഡല്‍ഹി: കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലോക്സഭയില്‍ ഒച്ചപ്പാട്. വരള്‍ച്ചപ്രശ്നം ഉന്നയിക്കാന്‍ പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചത്, അഹ്മദാബാദില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മലയാളി ജനപ്രതിനിധിയെ മഫ്ത അഴിക്കാന്‍ നിര്‍ബന്ധിച്ചത്, മുഖ്യമന്ത്രിക്കെതിരായ ആര്‍.എസ്.എസ് ഭീഷണി, സി.പി.എം അക്രമം നടത്തുന്നുവെന്ന ബി.ജെ.പി ആരോപണം തുടങ്ങിയ വിഷയങ്ങളാണ് സഭയെ ബഹളത്തില്‍ മുക്കിയത്.
കോഴിക്കോട് വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ മുടങ്ങിയ സര്‍വിസ് പുനരാരംഭിക്കാന്‍ നടപടിവേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഹജ്ജ് തീര്‍ഥാടകരുടെ എംബാര്‍ക്കേഷന്‍ പോയന്‍റായി കോഴിക്കോടിനെ ഉടന്‍ മാറ്റണം. അറബ് നാടുകളിലേക്കുള്ള പ്രവാസി യാത്ര ദുരിതത്തിലാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
വരള്‍ച്ചവിഷയം ഉന്നയിക്കാന്‍ പ്രധാനമന്ത്രി സര്‍വകക്ഷിസംഘത്തിന് കൂടിക്കാഴ്ചാസമയം അനുവദിക്കാത്ത വിഷയം സഭയില്‍ ഉന്നയിക്കാന്‍ എ. സമ്പത്ത് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നിഷേധിച്ചു.
പിണറായിക്കെതിരെ ആര്‍.എസ്.എസ് ഭീഷണി മുഴക്കുകയും മംഗളൂരു പരിപാടി കലക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് സി.പി.എമ്മിലെ പി. കരുണാകരന്‍ ആരോപിച്ചപ്പോള്‍ ഡല്‍ഹിയിലെ ബി.ജെ.പി എം.പിയായ പര്‍വേശ് സാഹിബ്സിങ് ആര്‍.എസ്.എസുകാര്‍ക്കുനേരെ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണെന്ന് കുറ്റപ്പെടുത്തി.
മിനിമം ബാലന്‍സില്ളെങ്കില്‍ പിഴ ചുമത്താനുള്ള സ്റ്റേറ്റ് ബാങ്ക് തീരുമാനത്തിനെതിരെ എന്‍.കെ. പ്രേമചന്ദ്രന്‍ ശബ്ദമുയര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുപോലും തീരുമാനം തിരുത്താന്‍ സ്റ്റേറ്റ് ബാങ്ക് തയാറാവുന്നില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സീറോ ബാലന്‍സില്‍ അക്കൗണ്ട് തുടങ്ങാന്‍ ബാങ്കുകള്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെയാണ് വൈരുധ്യം നിറഞ്ഞ സമീപനം. ബാങ്കിനെ ആശ്രയിക്കാതെ പണമിടപാട് നടത്താതിരിക്കാന്‍ ഒരുവശത്ത് നിര്‍ബന്ധിക്കുകയും മറുവശത്ത് ഓരോ ഇടപാടിനും ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നു.
കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതവും സ്വതന്ത്രവുമായി സഞ്ചരിക്കാന്‍ കഴിയാത്ത ചുറ്റുപാടാണെന്ന് റിച്ചാര്‍ഡ് ഹേ കുറ്റപ്പെടുത്തി. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ നടപടിവേണം. ഫാ. ടോം ഉഴുന്നാലിലിന്‍െറ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പരിധിയില്‍നിന്ന് കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങള്‍ എന്നിവയെ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ജോയ്സ് ജോര്‍ജ് ആവശ്യപ്പെട്ടു. അപാകതകള്‍ പരിഹരിച്ച് കേരളം സമര്‍പ്പിച്ച ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനം ഉടന്‍ ഇറക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
കരടുവിജ്ഞാപനം അനിശ്ചിതമായി നീട്ടുന്നത് 123 വില്ളേജുകളിലെ കര്‍ഷകജീവിതം ദുരിതത്തിലാക്കി. കൃഷിഭൂമി ക്രയവിക്രയം നടത്താനോ പുതിയ കൃഷി ഇറക്കാനോ ബാങ്ക് വായ്പക്കോ കഴിയാത്ത സാഹചര്യമാണെന്ന് ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.