ന്യൂഡല്‍ഹി: അമേരിക്കയില്‍ രണ്ട് ഇന്ത്യക്കാര്‍ വംശീയ വിദ്വേഷത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ശബ്ദത പാലിക്കുന്നതിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷ രോഷം. ഇതേക്കുറിച്ച് ഉടന്‍ പ്രസ്താവന നടത്തുന്നതില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറി. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശദ പ്രസ്താവന അടുത്തയാഴ്ച പാര്‍ലമെന്‍റില്‍ വെക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന്‍െറ രണ്ടാംപാദം തുടങ്ങിയ ദിവസം മറ്റു നടപടികള്‍ മാറ്റിവെച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. സമ്മേളനം തുടങ്ങുന്നതിനുമുമ്പ് ഗാന്ധിപ്രതിമക്കു മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധ ധര്‍ണ നടത്തി. അടിയന്തരപ്രമേയം സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുവദിച്ചില്ല. എന്നാല്‍, സഭാംഗങ്ങളുടെ വികാരം മുന്‍നിര്‍ത്തി പാര്‍ട്ടി നേതാക്കളെ വിഷയം ഉന്നയിക്കുന്നതിന് സ്പീക്കര്‍ അനുവദിക്കുകയായിരുന്നു.
അമേരിക്കക്കാരുടെ വിദ്വേഷക്കൊല അവിടത്തെ ഇന്ത്യന്‍ സമൂഹത്തെ കടുത്ത ആശങ്കയിലാക്കിയതായും മോദിസര്‍ക്കാര്‍ മൗനം പാലിക്കുന്നതിന്‍െറ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസിന്‍െറ സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഓരോ ചെറുവിഷയങ്ങള്‍ക്കുപോലും ട്വിറ്റര്‍ സന്ദേശം നല്‍കുന്നയാളാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം ഖാര്‍ഗെ ഉന്നയിച്ചെങ്കിലും നരേന്ദ്ര മോദി പ്രതികരിച്ചില്ല.
പുതിയ പ്രസിഡന്‍റ് അധികാരമേറ്റ ശേഷം അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം വര്‍ധിച്ച കാര്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെ എടുത്തു കാട്ടി. രാജ്യം വിട്ടുപോകാനുള്ള ആക്രോശം ആക്രമണകാരികളില്‍ നിന്ന് ഉയര്‍ന്ന കാര്യം ആന്ധ്രപ്രദേശില്‍നിന്നുള്ള ജിതേന്ദര്‍ റെഡ്ഡി ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ കഴിയുന്ന ലക്ഷങ്ങളുടെ ഇന്ത്യയിലെ ബന്ധുക്കള്‍ വലിയ ഭീതിയിലാണ്.
പ്രതിരോധ ഇടപാടുകള്‍ വര്‍ധിപ്പിച്ച് അമേരിക്കയുടെ പങ്കാളിയായി മാറിയ ഇന്ത്യക്ക് വംശീയ ആക്രമണങ്ങളുടെ കാര്യത്തില്‍ നേര്‍ക്കുനേര്‍ സംഭാഷണം നടത്താന്‍ അവസരമില്ളേ എന്ന് സി.പി.എമ്മിലെ മുഹമ്മദ് സലിം ചോദിച്ചു. വിദ്വേഷക്കൊലക്കെതിരെ ശബ്ദമുയര്‍ത്താന്‍ സര്‍ക്കാറിന് സാധിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗത റോയ് പറഞ്ഞു. സമീപകാല സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിശദീകരിച്ചു. അമേരിക്കയിലെ സംഭവങ്ങളില്‍ സര്‍ക്കാറിന് ഉത്കണ്ഠയുണ്ടെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.