ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നു; ബുക്കിങ് ഇന്നുമുതൽ, ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ

ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവിസ് ഇന്ത്യൻ റെയിൽവേ പുന:സ്ഥാപിക്കുന്നു. മെയ് 12 മുതൽ സർവിസ് ഭാഗികമായി ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. 

മെയ് 12നാണ് ആദ്യ സർവിസ്. ന്യൂഡൽഹിയിൽനിന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കാവും സർവിസ്. ആദ്യഘട്ടത്തിൽ റിട്ടേൺ യാത്ര ഉൾപ്പെടെ 30 സർവിസുകളാണ് നടത്തുക. തിങ്കളാഴ്ച വൈകീട്ട് നാല് മുതൽ ബുക്കിങ് ആരംഭിക്കും. ഓൺലൈനായി മാത്രമേ ബുക്ക് ചെയ്യാനാകൂ. ഐ.ആർ.സി.ടി.സിയുടെ വെബ്സൈറ്റിലൂടെ വേണം ബുക്കിങ് നടത്താൻ. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല.

ഡൽഹിയിൽനിന്ന് തിരുവനന്തപുരം, ദിബ്രുഗഡ്, അഗർത്തല, ഹൗറ, പാറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേക്കാണ് സർവിസ് നടത്തുക. വിശദമായ ട്രെയിൻ ഷെഡ്യൂൾ ഉടൻ ലഭ്യമാക്കും. 

എ.സി കോച്ചുകളായിരിക്കും ട്രെയിനിലുണ്ടാവുക. കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമേ ഉണ്ടാകൂ. യാത്രക്കാർക്ക് മാസ്കുകൾ നിർബന്ധമാണ്. യാത്രക്കു മുമ്പ് പരിശോധനയുണ്ടാകും. രോഗലക്ഷണമുള്ളവരെ യാത്രചെയ്യാൻ അനുവദിക്കില്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. 

ലോക്ഡൗണിനെ തുടർന്ന് 51 ദിവസത്തെ നിശ്ചലാവസ്ഥക്ക് ശേഷമാണ് വീണ്ടും ട്രെയിനുകൾ ഓടിത്തുടങ്ങുന്നത്. 20,000 കോച്ചുകൾ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയിരിക്കുകയാണ്. കോച്ചുകളുടെ ലഭ്യതക്കനുസരിച്ച് കൂടുതൽ സർവിസ് നടത്തുമെന്ന് റെയിൽവേ പറയുന്നു. 

Tags:    
News Summary - indian railway to resume service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.