ന്യൂഡല്‍ഹി: ജൂൺ ഒന്നുമുതൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാനിരിക്കേ എതിർപ്പുമായി സംസ്ഥാനങ്ങൾ. കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്ന് പശ്ചിമ ബംഗാള്‍, ഛത്തിസ്ഗഢ്, ബിഹാര്‍, ഒഡിഷ, രാജസ്ഥാന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഒന്നാം തീയതി മുതൽ 200 ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. രാജധാനി നിരക്കിലുള്ള സ്പെഷൽ ട്രെയിൻ, ശ്രമിക് ട്രെയിൻ എന്നിവക്ക് പുറമെയാണിത്.
തീരുമാനം ഒരുമാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നിലവിൽ, ശ്രമിക് ട്രെയിനുകളിൽ എത്തുന്ന ആയിരക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികളെ പരിശോധിക്കുകയും ക്വാറൻറീനിൽ വിടുകയും ചെയ്യുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. ഇതിനുപുറമെ പാസഞ്ചര്‍ സര്‍വിസുകള്‍ കൂടി ആരംഭിച്ചാൽ എല്ലാം താളം തെറ്റും. ഇതു തങ്ങൾക്കുമേല്‍ അധിക സമ്മര്‍ദമുണ്ടാക്കുമെന്നും വിവിധ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി.
റെയില്‍ യാത്രക്കാരെ ഒറ്റയടിക്കു കൈകാര്യം ചെയ്യുകയെന്നത് അസാധ്യമാണെന്ന് കേന്ദ്രത്തെ അറിയിച്ചതായി ഒഡിഷ ആരോഗ്യമന്ത്രി ടി.എസ്. സിങ്ദേവ് പറഞ്ഞു. കേരളത്തിലേക്ക് ഡൽഹിയിൽനിന്നും തുരന്തോ, മംഗള എക്സ്പ്രസുകളും, മുംബൈയിൽനിന്ന് നേത്രാവതി എക്സ്പ്രസുമാണ് സർവിസ് ആരംഭിക്കുന്നത്. കൂടാതെ, കണ്ണൂർ- തിരുവനന്തപുരം, കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദിയും സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.