ന്യൂഡൽഹി: 100 ശതമാനം സമയനിഷ്ഠ കൈവരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുമായി പോയ ട്രെയിനുകൾ എല്ലാം തന്നെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയതോടെയാണ് ജൂലൈ ഒന്നിന് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. ഒരു പാസഞ്ചർ ട്രെയിനുകളും പുറപ്പെടലിലും വരവിലും സമയംതെറ്റിച്ചില്ല. അതേസമയം, തിരക്കൊഴിഞ്ഞ ട്രാക്കുകൾ കാരണമാണ് റെയിൽവേക്ക് നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. ലോക്ഡൗണിനെ തുടർന്ന് മൊത്തം ട്രെയിനുകളിൽ രണ്ട് ശതമാനത്തിലും താഴെ മാത്രമാണ് ട്രാക്കുകളിൽ ഒാടുന്നത്.
എങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമെന്ന നിലയിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി പിയൂഷ് ഗോയലും ഇന്ത്യൻ റെയിൽവേയും. ‘ഫാസ്റ്റ് ലൈനിലെ ട്രെയിനുകൾ ഞെട്ടിക്കുന്ന നിലവാരത്തിലേക്ക് അവരുടെ സേവനങ്ങൾ മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ റെയിൽവേ ജൂലൈ ഒന്നിന് 100 ശതമാനം സമയനിഷ്ഠ പാലിച്ച് പുതിയ റെക്കോർഡ് കുറിച്ചു’. -മന്ത്രി പിയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചു.
Trains in the Fast Lane: Enhancing services to unprecedented levels, Indian Railways made history on 1st July, 2020 by achieving 100% punctuality rate. pic.twitter.com/zqNXFNx4Z6
— Piyush Goyal (@PiyushGoyal) July 2, 2020
റെയിൽവേയുടെ കണക്കുകൾ അനുസരിച്ച് ജൂൺ 23ന് 99.5 ശതമാനം സമയനിഷ്ഠത പാലിച്ചതാണ് ഇതിനുമുമ്പത്തെ റെക്കോർഡ്. അന്ന് ഒരു ട്രെയിൻ വൈകിയോടിയിരുന്നു. ആഗസ്ത് 12 വരെയുള്ള എല്ലാ ലോകൽ ട്രെയിനുകളും റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ഒാടുന്ന 230 പ്രത്യേക ട്രെയിനുകൾ നിർബന്ധമായും 100 ശതമാനം കൃത്യനിഷ്ഠത പാലിക്കണമെന്ന് അധികൃതർ പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.
ഇപ്പോൾ ഒാടുന്ന ട്രെയിനുകളുടെ എണ്ണം രാജ്യത്തെ ആകെ ട്രെയിനുകളുടെ രണ്ട് ശതമാനം മാത്രമാണ്. അതുകൊണ്ട് തന്നെ എല്ലാ ട്രെയിനുകളും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ നിർദേശം നൽകുകയായിരുന്നു. 30,000കോടിയുടെ സ്വകാര്യ നിക്ഷേപത്തിന് തയാറെടുക്കുന്ന റെയിൽവേക്ക് പുതിയ നേട്ടം ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.