ന്യൂഡൽഹി: യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥി നാട്ടിലേക്ക് മടങ്ങാൻ മോഹം. യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായ കോയമ്പത്തൂർ തുടിയല്ലൂർ സുബ്രമണ്യംപാളയം സ്വദേശിയായ സായ് നികേഷ് എന്ന 21കാരനാണ് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
സൈനിക സേവനം ഉപേക്ഷിച്ച് നാട്ടിലെത്താൻ ആഗ്രഹിക്കുന്നതായി സായ് കുടുംബത്തെ അറിയിച്ചു. ബന്ധുക്കൾ വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും യുക്രെയ്നിലെ ഇന്ത്യൻ എംബസിയെയും ധരിപ്പിച്ചിട്ടുണ്ട്. സായ് നികേഷിനെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി എംബസി അധികൃതർ ഉറപ്പ് നൽകിയതായി സായി നികേഷിന്‍റെ പിതാവ് പറഞ്ഞു.
യുക്രെയ്ൻ ഖാർകിവിലെ കാർഗോ നാഷനൽ എയ്റോസ്പേസ് യൂനിവേഴ്സിറ്റിയിൽ എയ്റോസ്പേസ് എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയായ സായ് നികേഷ് ജോർജിയ നാഷനൽ ലെജിയൻ അർധസൈനിക വിഭാഗത്തിൽ പ്രവർത്തിക്കുന്നത് വലിയ വാർത്തയായിരുന്നു.
വിദേശ പൗരൻമാർ ഉൾപ്പെടുന്ന ഇന്‍റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ സായ് നികേഷ് ചേർന്നുവെന്നായിരുന്നു വിവരം. സൈനിക യൂനിഫോമിലുള്ള ചിത്രങ്ങൾ സായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
കോയമ്പത്തൂരിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായ് നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. വാർ വീഡിയോ ഗെയിം കളിക്കാറുള്ള സായ് നികേഷ് ഒരു മാസം മുമ്പ് അവധിക്ക് നാട്ടിൽ വന്നപ്പോൾ യുക്രെയ്ൻ സൈന്യത്തിൽ ചേരുമെന്ന കാര്യം അമ്മയെ അറിയിച്ചിരുന്നു.
റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രെയ്നിൽ 50000ത്തിലേ സിവിലിയന്മാര്‍ സൈന്യത്തില്‍ ചേര്‍ന്നുവെന്നാണ് റിപ്പോർട്ട്. 18 മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാമെന്നായിരുന്നു അധികൃതർ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.