ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തെ കുറിച്ച് സംസാരിക്കവെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാർ യുദ്ധത്തിൽ ചേരുന്നതിനോട് യോജിക്കാനാകില്ലെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള 21കാരനായ സൈനികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥി റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ യുക്രെയ്ൻ അർധസൈനിക സേനയിൽ ചേർന്നെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്നും ഇത് വളരെ അപകടകരമാണെന്നും കാർത്തി ചിദംബരം പറഞ്ഞു. താൻ യുദ്ധത്തിന് എതിരാണ്. എന്നാൽ നമ്മൾ യുദ്ധത്തിന്‍റെ യു.എസ് യൂറോപ്യൻ പതിപ്പുകൾ മാത്രമാണ് കേൾക്കുന്നതെന്നും, കഥയുടെ ഇരുവശവും അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ഒരു മുസ്ലീം യുവാവ് സിറിയയിൽ പോയി അസദിനെതിരെ പോരാടുകയാണെങ്കിൽ അവനെ ജിഹാദി എന്ന് വിളിക്കില്ലേ? അപ്പോളെങ്ങനെയാണ് ഒരു ഇന്ത്യൻ വിദ്യാർഥി യുക്രെയ്നിലേക്ക് യുദ്ധം ചെയ്യാൻ പോകുന്നത് അംഗീകരിക്കാനാവുകയെന്ന് കാർത്തി ചോദിച്ചു.
യുക്രെയ്നിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ പഠനം ഇന്ത്യയിൽ തുടരാൻ അനുവദിക്കുകയോ അല്ലെങ്കിൽ അവരെ മറ്റ് വിദേശ രാജ്യങ്ങളിൽ പഠിക്കാൻ അനുവദിക്കുന്നതിനുള്ള സാധ്യതകൾ കേന്ദ്രം പരിശോധിക്കുകയോ വേണമെന്ന് കോൺഗ്രസ് എം.പി പറഞ്ഞു. വിദ്യാർഥികളുടെ വായ്പകൾ എഴുതിത്തള്ളുകയോ തിരിച്ചടക്കാൻ കൂടുതൽ സമയം നൽകുകയോ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.