കിയവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഇന്ന് നാട്ടിലേക്ക് മടങ്ങും

ന്യൂഡൽഹി: യുക്രെയ്‌നിന്റെ തലസ്ഥാനമായ കിയവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഹർജോത് സിങ് തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങുമെന്ന് കേന്ദ്രമന്ത്രി വി.കെ സിങ് പറഞ്ഞു. ഓപ്പറേഷൻ ഗംഗയിലൂടെയാണ് ഹർജോതിനെ നാട്ടിലെത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനായി വി.കെ സിങ് ഇപ്പോൾ പോളണ്ടിലാണ്.

ഡൽഹി ഛത്തർപുർ സ്വദേശിയായ ഹർജോതിന് ഫെബ്രുവരി 27നാണ് വെടിയേറ്റത്. യുക്രെയ്‌നും റഷ്യയും തമ്മിൽ യുദ്ധം നടക്കുന്നതിനിടെ ഡൽഹി സ്വദേശിയായ ഹർജോത് സിങ് സുഹൃത്തുക്കളോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ട്രെയിനിൽ സ്ഥലക്കുറവ് കാരണം പോളണ്ട് അതിർത്തിയിലെത്താൻ ഒരു കാബ് ബുക്ക് ചെയ്ത ഹർജോതിനെ വഴിയിൽ തടഞ്ഞുനിർത്തി യുക്രെയ്നിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടന്ന ആക്രമണത്തിലാണ് ഹർജോതിന്‍റെ തോളിൽ വെടിയേറ്റത്. കാലിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പാസ്‌പോർട്ടടക്കമുള്ള രേഖകളും നഷ്ടമായിരുന്നു.

വെടിയേറ്റ ശേഷം നിരവധി തവണ എംബസിയുമായി ബന്ധപ്പെട്ടിട്ടും സഹായം ചെയ്തില്ലെന്ന് ഹർജോത് വിഡിയോയിൽ ആരോപിച്ചിരുന്നു. താൻ മരിച്ചിട്ട് ആരും വിമാനം അയക്കേണ്ടെന്നും തന്നെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും വിഡിയോയിൽ ഹർജോത് പറഞ്ഞു. പിന്നാലെയാണ് ഇന്ത്യൻ സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ട് കിയവിലെ ആശുപത്രിയിൽ ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് ഏഴ് വിമാനങ്ങളിലായി 1500 വിദ്യാർഥികളെയാണ് നാട്ടിലെത്തിക്കുക. ഇതു വരെ 76 വിമാനങ്ങളിലായി യുക്രെയ്‌നിൽ നിന്നുള്ള 15,920 വിദ്യാർഥികളെയാണ് ഇന്ത്യയിൽ എത്തിച്ചത്. ഇതിൽ 2,260 പേർ മലയാളികളാണ്.

Tags:    
News Summary - Indian Student Shot at and Injured in Kiev to Return Home Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.