കാൻബറ: ആസ്‌ട്രേലിയയിൽ പണം നൽകാത്തതിന് ഇന്ത്യൻ വിദ്യാർഥിക്ക് കുത്തേറ്റു. ശുഭം ഗാർഗ് എന്ന 28 കാരനെയാണ് അജ്ഞാതൻ കുത്തി പരിക്കേൽപ്പിച്ചത്. മുഖത്തും നെഞ്ചിലും വയറിലും ഗുരുതരമായി മുറിവേറ്റ ഗാർഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയമാക്കിയ വിദ്യാർഥിയുടെ നില ഗുരുതരമാണെന്ന് നോർത്ത് ഷോർ പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 27 വയസ്സുകാരൻ ഡാനിയേൽ നോർവുഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർവുഡിനെതിരെ വധശ്രമത്തിന് കേസ് എടുത്തെന്നും കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടെന്നും ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 6ന് രാത്രി 10.30നായിരുന്നു സംഭവം. പസഫിക് ഹൈവെയിലൂടെ നടക്കുകയിരുന്ന ഗാർഗിനടുത്തെത്തിയ പ്രതി പണം ആവശ്യപ്പെടുകയും അത് നിരസിച്ചതിനെ തുടർന്ന് കുത്തി പരിക്കേൽപ്പിക്കുയായിരുന്നു. കുത്തേറ്റു വീണ ഗാർഗിനെ അടുത്ത വീട്ടുകാർ സഹായിച്ചെന്നും പൊലീസ് എത്തി അവിടെ നിന്ന് വിദ്യാർത്ഥിയെ റോയൽ നോർത്ത് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എൻ.എസ്.ഡബ്ല്യൂ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
ആസ്ട്രേലിയയിലെ ഇന്ത്യൻ ഹൈ കമ്മീഷൻ അധികാരികളെ ബന്ധപ്പെട്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പ്രതിനിധികൾ ഗാർഗിനെ പ്രവേശിപ്പിച്ച ആശുപത്രി സന്ദർശിച്ചെന്നും ആസ്ട്രേലിയൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.