കാബൂളിൽ 150 ഇന്ത്യക്കാരെ താലിബാൻ സംഘം തടഞ്ഞുവെച്ചെന്ന്; നിഷേധിച്ച് താലിബാൻ

ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ അഫ്ഗാനിസ്താനിൽ കുടുങ്ങിയ 150 ഇന്ത്യൻ പൗരന്മാരെ താലിബാൻ സംഘം തടഞ്ഞുവെച്ചെന്ന് റിപ്പോർട്ട്. കാബൂളിലെ ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന്‍റെ കവാടത്തിന് പുറത്തു നിന്നാണ് ഇന്ത്യക്കാരെ താലിബാൻ പിടിച്ചു കൊണ്ടു പോയതെന്നാണ് ലഭിക്കുന്ന വിവരം. അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

തടഞ്ഞുവെച്ചവരിൽ സാധാരണ ഇന്ത്യൻ പൗരന്മാരും അഫ്ഗാൻ സിഖുകാരും അഫ്ഗാൻ പൗരന്മാരും ഉൾപ്പെടും. 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ സി-130 ജെ യാത്രാ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ഇന്ത്യയിലേക്ക് മടങ്ങാൻ വാഹനങ്ങളിൽ എത്തിയവരാണിവർ.

എന്നാൽ, ഇന്ത്യക്കാരെ താലിബാൻ പിടികൂടിയെന്ന വാർത്ത കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ഇന്ത്യക്കാരെ തടഞ്ഞുവെച്ചുവെന്ന വാർത്ത താലിബാൻ വക്താക്കളിലൊരാളായ അഹ്മദുല്ല വസഖ് നിഷേധിച്ചു. 

അതേസമയം, വ്യോമസേനയുടെ സി-130 ജെ യാത്രാ വിമാനം 85 പൗരന്മാരുമായി തജിക്കിസ്താനത്തിലെ ദുഷാൻമ്പെ വ്യോമതാവളത്തിൽ സുരക്ഷിതമായി ഇറങ്ങി. ഇവിടെ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ആളുകളെ ഡൽഹിയിൽ എത്തിക്കും.

ഔദ്യോഗിക കണക്ക് പ്രകാരം 400 ഇന്ത്യൻ പൗരന്മാണ് അഫ്ഗാനിലുള്ളത്. എന്നാൽ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിവിധ കമ്പനികൾ, അഫ്ഗാൻ സേനയുടെ ഭാഗമായി പ്രവർത്തിച്ചവർ കൂടി ഉൾപ്പെടുത്തിയാൽ 1500ഒാളം പേർ കുടുങ്ങി കിടക്കുന്നതായാണ് അനൗദ്യോഗിക കണക്ക്.

തജികിസ്താൻ വ്യോമതാവളമായി ഉപയോഗിച്ചാണ് പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള നീക്കം ഇന്ത്യ നടത്തുന്നത്. വ്യോമസേനയുടെ സി-17 യുദ്ധവിമാനങ്ങളും സി-130 ജെ യാത്രാ വിമാനവുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

Tags:    
News Summary - Indians among 150 captured by Taliban at Kabul airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.