ന്യൂഡൽഹി: തുർക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പത്തെത്തുടർന്ന് ദുരന്തബാധിത പ്രദേശത്തേക്ക് ദുരിതാശ്വാസ സംഘത്തെ അയച്ച് ഇന്ത്യ. രക്ഷാപ്രവർത്തകർ, ഡോഗ് സ്ക്വാഡുകൾ, മരുന്നുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവയുമായി സി -17 വിമാനം ഇന്ന് രാവിലെ തുർക്കിയിൽ എത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ തയ്യാറാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അൻപതിലധികം എൻ.ഡി.ആർ.എഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ അംഗങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകൾ, ഡ്രില്ലിംഗ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ എന്നിവരുമായി ആദ്യ ഇന്ത്യൻ സി-17 വിമാനം തുർക്കിയിലെ അദാനയിൽ എത്തി -ജയശങ്കർ ട്വീറ്റ് ചെയ്തു.
ദുരിതബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലിൽ നിന്ന് 89 അംഗങ്ങളുള്ള ഒരു മെഡിക്കൽ ടീമിനെ സൈന്യം സജ്ജമാക്കിയിട്ടുണ്ട്. ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയടങ്ങുന്ന ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ടീമുകൾ ഉൾപ്പെടുന്നതാണ് സംഘം. പ്രധാന മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തുർക്കിയിലെയും അയൽരാജ്യമായ സിറിയയിലെയും സംയുക്ത മരണസംഖ്യ 4,500 ആയി ഉയർന്നു. തുർക്കിക്കും സിറിയക്കും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ ഇന്ത്യൻ സർക്കാരിന്റെ സഹായ വാഗ്ദാനത്തിന് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.