തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഉത്തർപ്രദേശിൽ ഇതുവരെ പുറത്തെടുക്കാത്ത പുത്തൻ വിദ്യകളാണ് രാഷ്ട്രീയ പാർട്ടികൾ പയറ്റുന്നത്. എതിർകക്ഷികളിലെ എം.എൽ.എമാരെയും നേതാക്കളെയും സ്വന്തം പാളയത്തിലെത്തിക്കുന്ന പതിവ് വിദ്യകളൊക്കെ മുറപോലെ നടക്കുന്നതിനിടെ വ്യത്യസ്തരായ വ്യക്തികളെ പാർട്ടിയിലെത്തിച്ചത് വാർത്ത സൃഷ്ടിക്കുന്നതാണ് പുതിയ 'ട്രെൻഡ്'.
നേരത്തെ ഉത്തർപ്രദേശ് ഭരിച്ചിരുന്ന അഖിലേഷ് യാദവിെൻറ സമാജ്‍വാദി പാർട്ടിയാണ് വേറിട്ട ഒരു വ്യക്തിയെ പാർട്ടിയിലെത്തിച്ച് വാർത്ത സൃഷ്ടിച്ചത്. രാജ്യത്തെ ഏറ്റവും ഉയരമുള്ളയാളെയാണ് ഇത്തവണ സമാജ്‍വാദി പാർട്ടി സ്വന്തം പാളയത്തിലെത്തിച്ചരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധർമേന്ദ്ര പ്രതാഭ് സിംഗാണ് കഴിഞ്ഞ ദിവസം സമാജ് വാദി പാർട്ടിയിൽ ചേർന്നത്. സമാജ്‍വാദി പാർട്ടി സംസ്ഥാന പ്രസിഡൻറ് നരേഷ് പട്ടേലാണ് ഇദ്ദേഹത്തിെൻറ പാർട്ടി പ്രവേശം പ്രഖ്യാപിച്ചത്. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിെൻറയും സംസ്ഥാന നേതാക്കളുടേയും സാന്നിധ്യത്തിലാണ് ധർമേന്ദ്ര പ്രതാഭ് സിംഗ് പാർട്ടിയിൽ അംഗത്വമെടുത്തത്. ഉത്തർ പ്രദേശിലെ പ്രതാഭ് ഘട്ട് സ്വദേശിയാണ് ധർമേന്ദ്ര പ്രതാഭ് സിംഗ്.
സമാജ്‍വാദി പാർട്ടിയുടെ നയങ്ങളിൽ ആകൃഷ്ടനായാണ് ധർമേന്ദ്ര പ്രതാഭ് സിംഗ് പാർട്ടിയിൽ അംഗത്വമെടുത്തതെന്നും അദ്ദേഹത്തിെൻറ വരവ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമാജ്‍വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം ധർമേന്ദ്രയെ പ്രയോജനപ്പെടുത്താനാണ് പാർട്ടിയുടെ നീക്കം.
ധർമേന്ദ്രയുടെ ഉയരം എട്ടടി ഒരിഞ്ചാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന് ധർമേന്ദ്രയേക്കാൾ 11 സെൻിമീറ്റർ കൂടുതൽ ഉയരമാണുള്ളത്.
ഫെബ്രുവരി പത്തിനും മാർച്ച് ഏഴിനുമിടയിൽ ഏഴു ഘട്ടങ്ങളായാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
ഭരണകക്ഷിയായ ബി.ജെ.പിയോട് ഏറ്റുമുട്ടാൻ സർവ സന്നാഹങ്ങളും പുറത്തെടുക്കുകയാണ് സമാജ്‍വാദി പാർട്ടി. അഖിലേഷ് യാദവിെൻറ നേതൃത്വത്തിൽ ബി.ജെ.പിയിൽ നിന്നുള്ള മന്ത്രിമാരെ വരെ പാർട്ടിയിലെത്തിച്ചാണ് സമാജ്‍വാദി പാർട്ടി തെരഞ്ഞെടുപ്പ് പോരാട്ടം കനപ്പിക്കുന്നത്. അഖിലേഷിെൻറ ബന്ധുക്കളെ തന്നെ അടർത്തിയെടുത്തും പാർട്ടിയിൽ ചേർത്തും ബി.ജെ.പി തിരിച്ചടിക്കുന്നുമുണ്ട്. യു.പിയിൽ ജനകീയാടിത്തറയുള്ള മായാവതിയുടെ ബി.എസ്.പിയും നഷ്ടപ്പെട്ട ജനസ്വാധീനം തിരിച്ചുപിടിക്കാൻ പതിനെട്ടടവും പയറ്റി പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസും ചേരുേമ്പാൾ യു.പിയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചനാതീതമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.