ന്യൂഡൽഹി: വിവരാവകാശ നിയമ (ആർ.ടി.െഎ) ഭേദഗതി ബില്ലിനെതിരെ കേന്ദ്ര വിവരാവകാശ കമീഷനിൽ തന്നെ എതിർപ്പുയരുന്നു. ഭേദഗതി വിവരാവകാശ കമീഷനെ ദുർബലപ്പെടുത്തുമെന്നാണ് ആരോപണം. ഇതിൽനിന്ന് പിന്തിരിയാൻ സർക്കാറിനോട് ആവശ്യപ്പെടണമെന്ന് വിവരാവകാശ കമീഷണർ ശ്രീധർ ആചാര്യുലു ആവശ്യപ്പെട്ടു.
മുഖ്യ വിവരാവകാശ കമീഷണർ ആർ.കെ. മാതുർ അവധിയിലായതിനെ തുടർന്ന് മുതിർന്ന കമീഷണറായ യശോവർധൻ ആസാദിന് ജൂലൈ 19ന് അയച്ച കത്തിലാണ് ആവശ്യം. വിഷയത്തിൽ എല്ലാ വിവരാവകാശ കമീഷണർമാരുടെയും യോഗം വിളിക്കാൻ ആവശ്യപ്പെട്ടതായി കമീഷൻ വൃത്തങ്ങൾ പറഞ്ഞു. 2005ലെ വിവരാവകാശ നിയമത്തിെൻറ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതും ഫെഡറലിസത്തെ അനാദരിക്കുന്നതുമാണ് ബില്ലെന്ന് കത്തിലുണ്ട്. എന്നാൽ, കത്തിൽ ആവശ്യപ്പെട്ടപ്രകാരം യോഗം വിളിച്ചിട്ടില്ല.
മറ്റു വിവരാവകാശ കമീഷണർമാരെ കൂടി അഭിസംബോധന ചെയ്യുന്ന കത്തിൽ ‘ആർ.ടി.െഎ ഭേദഗതി ബിൽ -2018’ പിൻവലിക്കാൻ നിർദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യ വിവരാവകാശ കമീഷണറെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് താഴെയായാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്. ഭരണഘടനപരമായ അവകാശം എന്നാണ് വിവരാവകാശ നിയമം പറയുന്നതെങ്കിലും പുതിയ ബില്ലിൽ അങ്ങിനെ പരിഗണിക്കുന്നില്ല. ആർട്ടിക്കിൾ 324(1) പ്രകാരമുള്ള തെരഞ്ഞെടുപ്പ് കമീഷണർ ഭരണഘടന സ്ഥാപനമാണെങ്കിൽ ആർട്ടിക്കിൾ 19(1)എ പ്രകാരമുള്ള വിവരാവകാശ കമീഷൻ എങ്ങനെയാണ് ഭരണഘടന സ്ഥാപനമല്ലാതാകുന്നതെന്ന് കത്തിൽ ചോദിച്ചു. വോട്ട് ചെയ്യാനുള്ള അവകാശവും വിവരാവകാശവും അടിസ്ഥാന അവകാശമാണ്.
2005ലെ നിയമപ്രകാരം വിവരാവകാശ കമീഷണർമാരുടെ തുടർച്ച പാർലമെൻറ് ഉറപ്പുവരുത്തിയതാണ്. അഞ്ച് വർഷമോ 65 വയസ്സാകുന്നതുവരെയോ പദവിയിൽ തുടരാം. എന്നാൽ, ബില്ലിലൂടെ ഇതിൽ പാർലമെൻറിെൻറയും നിയമസഭകളുടെയും അധികാരം കവരാനാണ് സർക്കാർ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.