ക്ഷേത്രത്തിന്​ പണം പിരിച്ച്​ നടക്കാതെ ഇന്ധന വില കുറക്കൂ; ബി.ജെ.പിയോട്​ ശിവസേന

രാമക്ഷേത്ര നിർമാണത്തിന്​ പണംപിരിച്ച്​ നടക്കാതെ ഇന്ധനവില കുറയ്ക്കണമെന്ന്​ ആവശ്യപ്പെട്ട്​ ശിവസേന. സേനയുടെ മുഖപത്രമായ സാംമ്​നയിലാണ് കേന്ദ്ര സർക്കാറിനെതിരേ പരിഹാസവും വിമർശനവും അഴിച്ചുവിട്ടത്​. ​ബോളിവുഡ് താരങ്ങൾ ഇന്ധനവില ഉയരുന്നതിൽ മൗനം പാലിക്കുന്നതിനേയും എഡിറ്റോറിയലിൽ വിമർശനമുണ്ട്​. 'ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. കേന്ദ്രസർക്കാർ ഇത് മറന്നിട്ടുണ്ടെങ്കിൽ പൊതുജനം അവരെ ഓർമപ്പെടുത്തും. രാമ ക്ഷേത്രത്തിനായി സംഭാവന പിരിക്കുന്നതിനുപകരം ഉയരുന്ന ഇന്ധന വില കുറയ്ക്കുക. രാമൻ പോലും ഇതിൽ സന്തുഷ്ടനാകും'-തിങ്കളാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ പറഞ്ഞു.


ശിവസേനയുടെ യുവജന വിഭാഗമായ യുവസേന മുംബൈയിൽ ഇന്ധനവില വർധനവിനെതിരേ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്​. 'ഇതാണോ അഛേ ദിൻ' എന്ന തലക്കെട്ടിലാണ്​ ബാനറുകൾ സ്ഥാപിച്ചിട്ടുള്ളത്​. മുംബൈയിലെ വിവിധ പെട്രോൾ പമ്പുകളിലും റോഡരികിലും പോസ്റ്ററുകൾ വ്യാപകമായി പതിച്ചിട്ടുണ്ട്​. 2014 ലും 2021 ലും ഉള്ള പെട്രോൾ, ഡീസൽ, എൽപിജി നിരക്കുകളും ബാനറുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

'പെട്രോൾ വില 100 കടന്നതിൽ ബിജെപി ആഘോഷിക്കുകയാണ്​ വേണ്ടിയിരുന്നത്​. എന്നാൽ മോദി അതിന്‍റെ ക്രെഡിറ്റ്​ കോൺഗ്രസിന്​ നൽകി. മുൻ സർക്കാരുകൾ ഊജ്ജ ഇറക്കുമതിയെ ആശ്രയിച്ചിരുന്നില്ലെങ്കിൽ നമ്മുടെ മധ്യവർഗത്തിന് ഇപ്പോൾ ഭാരമുണ്ടാകില്ല എന്നാണ്​ മോദി പറയുന്നത്​. മോദി ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിൽക്കുകയും മുൻ സർക്കാരുകളെ കുറ്റപ്പെടുത്തുകയും ചെയ്യുകയാണ്​' -സാംമ്​ന പറയുന്നു.

'2014ന് മുമ്പ് അക്ഷയ് കുമാറും അമിതാഭ് ബച്ചനും വർധിച്ചുവരുന്ന ഇന്ധനവിലയെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. പെട്രോൾ വില 100 രൂപ കടന്നതിനുശേഷവും ഇപ്പോൾ സെലിബ്രിറ്റികൾ നിശബ്ദരാണ്. നിശബ്ദമായി ഇരിക്കാൻ അവരെ ആരോ പ്രേരിപ്പിക്കുന്നതിനാൽ അവർ ഇപ്പോൾ ശാന്തരാണ്. 2014ന് മുമ്പ് സർക്കാരിനെതിരെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം അവർക്ക്​ ഉണ്ടായിരുന്നു. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഇന്ന് നമുക്ക് നഷ്ടപ്പെട്ടു'-എഡിറ്റോറിയൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.