ബംഗളൂരു: സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ കാര്യത്തിൽ താൻ ഇടപെട്ടുവെന്ന ആരോപണം വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും വരുണ മണ്ഡലം മുൻ എം.എൽ.എയുമായ ഡോ. യതീന്ദ്ര വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മൈസൂരുവിൽ നടന്ന പൊതുചടങ്ങിനിടെ യതീന്ദ്ര സംസാരിക്കുന്ന വിഡിയോ പുറത്തുവന്നത്.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് ഡോ. യതീന്ദ്ര ഇടെപട്ടുവെന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്നുമുള്ള തരത്തിലുള്ള വിഡിയോ ജെ.ഡി.എസും ബി.ജെ.പിയും പ്രചരിപ്പിച്ചിരുന്നു. സിദ്ധരാമയ്യക്ക് സ്ഥലംമാറ്റത്തിനുള്ള നിർദേശം മകൻ നൽകുന്ന തരത്തിലുള്ളതായിരുന്നു വിഡിയോ.
മൈസൂരു ജില്ലയിലെ പൊതുപരിപാടിക്കിടെ യതീന്ദ്ര ഫോണിൽ സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്. താൻ തന്ന അഞ്ചുപേരുടെ പട്ടികയിൽ പറഞ്ഞപ്രകാരം ചെയ്യണമെന്നാണ് ഇതിൽ യതീന്ദ്ര പറയുന്നത്. ഫോൺ സംഭാഷണം പിതാവായ സിദ്ധരാമയ്യയുമായാണ് നടന്നതെന്നും കൈക്കൂലിക്കായി മകൻ ഇടപെടുകയാണ് ചെയ്തതെന്നുമായിരുന്നു ആരോപണം.
എന്നാൽ, താൻ നിരവധി പട്ടികകൾ വരുണ മണ്ഡലവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യക്ക് നൽകാറുണ്ടെന്ന് യതീന്ദ്ര പറഞ്ഞു. അത് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ പട്ടികയാണെന്ന് എങ്ങനെയാണ് പറയാൻ കഴിയുക. മണ്ഡലത്തിലേക്കുള്ള സി.എസ്.ആർ ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്.
വെള്ളിയാഴ്ച ഇറങ്ങിയ പൊലീസ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് തനിക്ക് അറിവില്ലെന്നും യതീന്ദ്ര പറഞ്ഞു. സിദ്ധരാമയ്യ പ്രതിനിധാനം ചെയ്യുന്ന വരുണ മണ്ഡലത്തിലെ ഹൗസിങ് പ്രോഗ്രാം അവയർനസ് കമ്മിറ്റിയുടെ ചെയർമാനാണ് നിലവിൽ ഡോ. യതീന്ദ്ര. പിതാവിന്റെ മണ്ഡലത്തിന്റെ വിവിധ വികസന കാര്യങ്ങളുടെ ചുമതല വഹിക്കുകയാണ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.