ജെ.എൻ.യുവിലെ അതിക്രമം; ഒരു വർഷം കഴിഞ്ഞും എങ്ങുമെത്താതെ പൊലീസ്​ അന്വേഷണം


മാസ്​കണിഞ്ഞ്​ ജെ.എൻ.യു കാമ്പസിൽ അതിക്രമിച്ചുകടന്ന 100 ഒാളം എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും ക്രൂരമായി മർദിച്ചൊതുക്കിയ നടുക്കുന്ന സംഭവത്തിന്​ ഒരു വർഷം പൂർത്തിയാകു​​േമ്പാഴും അന്വേഷണം എവിടെ​യുമെത്തിക്കാതെ ഡൽഹി പൊലീസ്​. പ്രതികളെ കുറിച്ച്​ സൂചനകൾ ലഭ്യമാണെങ്കിലും ഇതുവരെയും ആരെയെകിലും അറസ്​റ്റ്​ ചെയ്യുകയോ കുറ്റപത്രം സമർപ്പിക്കുകയോ പോലും ചെയ്​തില്ലെന്നതാണ്​ കൗതുകം.

കഴിഞ്ഞ വർഷം ജനുവരി അഞ്ചിനായിരുന്നു രാജ്യത്തി​െൻറ മനഃസാക്ഷിയെ നടുക്കി മാസ്​കണിഞ്ഞ അക്രമിക്കൂട്ടം ഇന്ത്യയുടെ അഭിമാന കലാലയത്തി​െൻറ മുറ്റത്തും കെട്ടിടങ്ങൾക്കകത്തും മണിക്കൂറുകളോളം താണ്​ഡവമാടിയത്​. 36 വിദ്യാർഥികൾക്കു മാത്രമല്ല, നിരവധി അധ്യാപകർ, ജീവനക്കാർ എന്നിവർക്കും പരിക്കേറ്റു. നാലു ദിവസം കഴിഞ്ഞ്​ പത്രസമ്മേളനം വിളിച്ചുചേർത്ത ഡൽഹി പൊലീസ്​ പ്രതിപ്പട്ടികയിൽ ചേർത്ത്​ ഒമ്പതു ​വിദ്യാർഥികളുടെ പേര്​ മാധ്യമങ്ങൾക്ക്​ മുമ്പിൽ അവതരിപ്പിച്ചെങ്കിലും രണ്ടു പേർ മാത്രമായിരുന്നു എ.ബി.വി.പിക്കാർ. അപ്പോഴും സംഘടനയുടെ പേര്​ പറയാതെ പൊലീസ്​ ജാഗ്രത കാണിച്ചു. അവശേഷിച്ചവർ ഇടത്​ അനുഭാവമുള്ള വിദ്യാർഥികളുമായിരുന്നു.

വസന്ത്​ കുഞ്ച്​ പൊലീസ്​ സ്​റ്റേഷനിൽ എഫ്​.ഐ.ആർ സമർപ്പിച്ച അന്വേഷണം വൈകാതെ ക്രൈംബ്രാഞ്ചിന്​ കൈമാറി. 20 അംഗ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്​തു. ഫെബ്രുവരിയിൽ സമാനമായി വടക്കു കിഴക്കൻ ഡൽഹിയിൽ അതിക്രമം നടന്നപ്പോഴും ഇതേ സംഘത്തിന്​ തന്നെ അന്വേഷണത്തി​െൻറ ഉത്തരവാദിത്വം ലഭിച്ചു. കോവിഡ്​ കാലത്ത്​ വർഗീയ ​ധ്രുവീകരണത്തിന്​ ഏറെ പഴികേട്ട നിസാമുദ്ദീൻ മർകസിനെതിരായ കേസും ഇവർക്കായിരുന്നു.

ജെ.എൻ.യു കേസിൽ 88ഓളം പേരിൽനിന്ന്​ മൊഴിയെടുത്ത പൊലീസ്​ പരിക്കേറ്റ വിദ്യാർഥിക​ൾ, അധ്യാപകർ, സുരക്ഷ ജീവനക്കാർ തുടങ്ങിയവരെയും ക​ണ്ടുവെന്ന്​ പറയുന്നുവെങ്കിലും ഇരകൾ ഈ അവകാശവാദം നിഷേധിക്കുന്നു. സംഭവത്തിൽ കടുത്ത വിമർശനം ഏറ്റുവാങ്ങിയ ജെ.എൻ.യു അധികൃതരും അഞ്ചംഗ സമിതിയെ വെച്ചെങ്കിലും അതും എവിടെയുമെത്താതെ അവസാനിച്ച മട്ടാണ്​.

ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ്​ ഐഷെ ഘോഷിന്​ മാത്രം തലയിലേറ്റ പരിക്കിന്​ 16 തുന്നാണ്​ വേണ്ടിവന്നത്​. ഒരിക്കൽ പോലും തന്നോട്​ അതിക്രമത്തെ കുറിച്ച്​ അന്വേഷണ സംഘം ചോദിച്ചില്ലെന്ന്​ ഐഷെ ഘോഷ്​ പറയുന്നു. തലയിൽ നാലു തുന്നലുള്ള പ്രഫ. സുചരിത സെന്നിനും സമാന പരാതിയാണുള്ളത്​.

Tags:    
News Summary - Year on, Internal investigation shelved: little headway in JNU violence probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.