ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ മരിക്കാനിടയായ കുനൂര്‍ ഹെലികോപ്റ്റർ അപകടത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. മോശം കാലാവസ്ഥ കാരണമാകാം അപകടമെന്നും അപകടം പെട്ടെന്നുണ്ടായതാണെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
എയർ മാർഷൽ മാനവേന്ദ്ര സിങ് തലവനായ അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. ഹെലികോപ്റ്ററിന്‍റെ ഡേറ്റ റിക്കോര്‍ഡര്‍ സംഘം പരിശോധിച്ചിരുന്നു. സ്ഥലത്തെ തെളിവെടുപ്പ് അടക്കം നടത്തിയശേഷമാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കുനൂരിലെ കാട്ടേരി ഫാമിനു സമീപം ഡിസംബര്‍ എട്ടിനാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്‍റോൺമെന്‍റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്നത്. അപകടത്തിൽപ്പെട്ടവരിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങും പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു.
വ്യോമസേനയുടെ റഷ്യൻ നിർമിത എം.ഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.