കൊൽക്കത്ത: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ചശേഷം ബലാത്സംഗം ചെയ്തത് മനുഷ്യത്വരഹിതമാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മണിപ്പൂർ സമരനായിക ഇറോം ശർമിള. നഗ്ന പരേഡിന്റെ വിഡിയോ കണ്ട് തനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. പരാജയം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി ബിരേൻ സിങ് മണിപ്പൂർ ജനതയോട് മാപ്പുപറയണമെന്നും ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്ന ഇറോം ശർമിള ആവശ്യപ്പെട്ടു.
മണിപ്പൂർ സർക്കാർ സമ്പൂർണ പരാജയമാണെന്ന് വ്യക്തമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. മണിപ്പൂർ ജനതയുടെ കാര്യത്തിൽ അദ്ദേഹത്തിന് വേദനയുണ്ടെങ്കിൽ എത്രയും വേഗം ഇടപെടണം.
ഗുജറാത്ത് ജനതക്കൊപ്പം മണിപ്പൂരുകാർക്കും അദ്ദേഹത്തിന്റെ നേതൃമികവ് ആവശ്യമുണ്ട്. മുഖ്യമന്ത്രി 60 എം.എൽ.എമാരെയും വിളിച്ച് വിഷയങ്ങൾ ചർച്ച ചെയ്ത് ഇരുവിഭാഗങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കണം.
ഇന്റർനെറ്റ് നിരോധിക്കുന്നത് അക്രമങ്ങൾ തടയാൻ പര്യാപ്തമല്ല. സംഭവം നടക്കുമ്പോൾ ഇന്റർനെറ്റ് നിരോധനം ഇല്ലായിരുന്നുവെങ്കിൽ ഇരകൾക്ക് നേരത്തേ നീതി ലഭിക്കുമായിരുന്നു, കുറ്റവാളികൾ ശിക്ഷിക്കപ്പെടുമായിരുന്നു. പിടിയിലായവർക്ക് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ നൽകണമെന്നും ഇറോം ശർമിള ആവശ്യപ്പെട്ടു.
ഇംഫാൽ: മണിപ്പൂരിൽ 160ഓളം പേരുടെ മരണത്തിനിടയാക്കിയ അക്രമസംഭവങ്ങൾക്ക് കാരണം സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രചരിക്കുന്ന അഭ്യൂഹങ്ങളും വ്യാജ വാർത്തകളുമെന്ന് അധികൃതർ.
കുക്കികൾ കൊലപ്പെടുത്തിയതെന്നു പറഞ്ഞ് പ്രചരിച്ച, പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ മൃതദേഹത്തിന്റെ ചിത്രമാണ് മേയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് സുരക്ഷ ഏജൻസി വക്താവ് പറഞ്ഞു. ഇംഫാലിൽ മറ്റൊരു സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹമാണിതെന്ന് തിരിച്ചറിയുമ്പോഴേക്കും അക്രമം പടർന്നുകഴിഞ്ഞിരുന്നു. ഇതോടെയാണ് ഇന്റർനെറ്റ് വിച്ഛേദിക്കാൻ സർക്കാർ തീരുമാനമെടുത്തതത്രേ.
പ്രാദേശിക പത്രങ്ങളിലും വ്യാജവാർത്തകൾ പ്രചരിച്ചു. ആയുധധാരികളായ ആദിവാസികൾ ഭൂരിപക്ഷ സമുദായത്തെ ആക്രമിക്കാൻ തയാറെടുക്കുന്നുവെന്ന വാർത്ത ഇത്തരത്തിലുള്ളതായിരുന്നു. വാർത്തയെത്തുടർന്ന് മണിപ്പൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അത്തരമൊരു സംഭവം ഉണ്ടായിരുന്നില്ല. വ്യാജവാർത്തകൾ പൊലീസിന്റെ ശ്രദ്ധയിൽപെടുത്താൻ ഹെൽപ് ലൈൻ നമ്പർ സജ്ജമാക്കിയതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.