ചെന്നൈ: ഹൈന്ദവ നേതാക്കൾക്കെതിരായ ആക്രമണം ഭീകരപ്രവർത്തനമാണോ എന്നത് തർക്കവിധേയമെന്ന് മദ്രാസ് ഹൈകോടതി. യു.എ.പി.എ ചുമത്തി തടവിലാക്കിയ ആസിഫ് മുസ്തഹീന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ എസ്.എസ്. സുന്ദർ, സുന്ദർ മോഹൻ എന്നിവരുടെ നിരീക്ഷണം.
17 മാസമായി തടവിലായ ആസിഫിന്‍റെ അപ്പീൽ ഹരജി പരിഗണിച്ചാണ് കോടതി ജാമ്യത്തിൽ വിട്ടത്. നേതാക്കളെ വധിക്കാനുള്ള ശ്രമം എങ്ങനെ ഭീകരപ്രവർത്തനമാണെന്ന് വ്യക്തമാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
യു.എ.പി.എ നിയമത്തിലെ 15-ാം വകുപ്പിൽ ഭീകര പ്രവർത്തനം എന്തെന്ന് നിർവഹിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ഐക്യം, അഖണ്ഡത, സുരക്ഷ, സാമ്പത്തിക സുരക്ഷ, പരമാധികാരം എന്നിവ തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതും ഇന്ത്യയിലോ ഏതെങ്കിലും വിദേശ രാജ്യത്തെ ജനങ്ങളിലോ ഏതെങ്കിലും വിഭാഗം ജനങ്ങളിലോ ഭീകരത സൃഷ്ടിക്കാനോയുള്ള പ്രവൃത്തിയാണ് ഭീകരവാദത്തിന്‍റെ പരിധിയിൽ വരുന്നതെന്ന് ഹൈകോടതി വ്യക്തമാക്കി.
2022 ജൂലൈ 26നാണ് ഹൈന്ദവ നേതാക്കളെ വധിക്കാൻ ശ്രമിച്ചൂ എന്നത് അടക്കമുള്ള കുറ്റങ്ങളിൽ യു.എ.പി.എ ചുമത്തി ആസിഫിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ വിചാരണ കോടതിയും ഹൈകോടതിയും തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.