ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നുവല്ലോ. അമിത് ഷായെയും ബി.ജെ.പിയെയും ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവനക്ക് പ്രേരിപ്പിച്ചതിന് പിന്നിൽ ദലിത് വോട്ടുകൾ പാർട്ടിക്ക് ഏതാനും തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ ചോർന്നതാണെന്ന വാദം ഉയർന്നിരുന്നു. ഈ വാദത്തിൽ കഴമ്പുണ്ടോ?
ലോക് നീതി സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പ്മെന്റ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) നടത്തിയ നാഷനൽ ഇലക്ഷൻ സ്റ്റഡി ഈ വാദത്തെ സാധൂകരിക്കുന്നുണ്ട്. ഇടക്കാലത്ത് ദലിത് വോട്ടുകളെ ബി.ജെ.പിക്ക് ആകർഷിക്കാനായെങ്കിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പോടെ കാര്യങ്ങൾ മാറിത്തുടങ്ങി എന്നാണ് പഠനം തെളിയിക്കുന്നത്.
കോൺഗ്രസുമായി താരതമ്യം ചെയ്യുമ്പോൾ, ബി.ജെ.പിയെ പരമ്പരാഗതമായി പിന്തുണക്കുന്ന ദലിതുകൾ 2019ലെ കണക്കനുസരിച്ച് ഏകദേശം ആറ് ശതമാനം കുറവാണ്. 2016ൽ, ഇത് മൂന്ന് ശതമാനമായിരുന്നു. അഥവാ, പരമ്പരാഗത ദലിത് പാർട്ടി അനുഭാവികളിൽ കുറവ് വന്നിരിക്കുന്നു. കോൺഗ്രസിനും കുറവ് വന്നിട്ടുണ്ട്.
വോട്ടുശതമാനം നോക്കുമ്പോൾ, ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 20 ശതമാനം ദലിത് വോട്ടുകൾ ലഭിച്ചിട്ടുണ്ട്. 2019ലും 20 ശതമാനം തന്നെയായിരുന്നു. എന്നാൽ, 2019ൽ, 32 ശതമാനം വോട്ട് ലഭിച്ച ബി.ജെ.പിക്ക് ഇക്കുറി അത് 29 ശതമാനമായി കുറഞ്ഞു. സംസ്ഥാനതലത്തിൽ നോക്കുമ്പോഴും ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ ക്ഷീണമാണ്.
രാജസ്ഥാൻ (9.25%), യു.പി (5.87%), മഹാരാഷ്ട്ര (7.35%) എന്നീ സംസ്ഥാനങ്ങളിൽ ദലിത് വോട്ടുകളിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2016-19 കാലത്ത് ദലിത് വോട്ടുകൾ കാര്യമായി സമ്പാദിച്ച ബി.ജെ.പിക്ക് 2024ഓടെ വോട്ട് ശതമാനം കുറഞ്ഞുവരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.