മുംബൈ: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലും ലോക്കൽ ട്രെയിനിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ മഹാരാഷ്ട്ര കോടതി. സംസ്ഥാനത്ത് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമ്പോഴുണ്ടായ കോവിഡ് സാഹചര്യവും, നിലവിലെ സാഹചര്യങ്ങളും താരതമ്യപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
2020നെ അപോക്ഷിച്ച് നിലവിലെ കോവിഡ് കേസുകൾ ക്രമാതീതമായി കുറവാണെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് കാർണിക് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ലോക്കൽ ട്രെയിനുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നത് അനിവാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. അന്ന് പൊതുഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യവും, നിലവിൽ അതിന്‍റെ അനിവാര്യതയെക്കുറിച്ചും സർക്കാർ വ്യകതമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയവർക്ക് മാത്രമേ ട്രെയിൻ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിൽ പ്രവേശനം ലഭിക്കൂവെന്ന സർക്കാർ ഉത്തരവിനെതിരെ ഫിറോസ് മിതിബോർവാല നൽകിയ പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ജനങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ചും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ ഉത്തരവ് വസ്തുനിഷ്ഠമല്ലെന്നും, ഭരണഘടനാവിരുദ്ധമാണെന്നും ഹരജിക്കാരൻ വാദിച്ചു. വാക്സിനേഷൻ നിർബന്ധമാക്കാനുള്ള സർക്കാരിന്‍റെ പരോക്ഷമായ ശ്രമമാണ് ഇതെന്നും ഹരജിയിൽ പറയുന്നു. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഉന്നതരുടെ നിർദേശപ്രകാരമാണെന്ന് ഹരജി പരിഗണിക്കവെ സർക്കാർ കോടതിയിൽ വാദിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലും ഒന്നാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒന്നാം തരംഗത്തിൽ 69.22 ശതമാനമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നിരക്ക്. രണ്ടാം തരംഗത്തിൽ 37.90ഉം, മൂന്നാം തരംഗത്തിൽ ഇത് 5.67ശതമാനവുമായിരുന്നതായി സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നിരക്കും മരണ നിരക്കും ക്രമാതീതമായി കുറഞ്ഞത് വാക്സിനേഷൻ കൃത്യമായി നടന്നതുകൊണ്ടാണെന്നും സർക്കാർ പറഞ്ഞു.
ലോക്കൽ ട്രെയിനുകളിൽ ഉൾപ്പെടെ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വാക്സിൻ സ്വീകരിച്ചവരിൽ പ്രതിരോധശേഷി കൂടുതലാണെന്നതു കൂടി കണക്കിലെടുത്താണെന്നും സർക്കാർ അറിയിച്ചു. ഓരോ കോച്ചിലും ഉൾക്കൊള്ളാൻ സാധിക്കുന്നവരുടെ പരിധിയേക്കാൾ മൂന്നോ അഞ്ചോ ഇരട്ടി യാത്രക്കാരാണ് പ്രതിദിനം ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നത് നടപ്പിലാകില്ലെന്നും, ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഇതുവരെ 8.76കോടി ജനങ്ങളാണ് സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 6.87കോടി ജനങ്ങൾ രണ്ടാം ഡോസ് വാക്സിൻ പൂർത്തിയാക്കി. 16.45 ലക്ഷം പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.