മുംബൈ: ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്തിന്റെ ട്വിറ്റർ പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധവുമായി വിദേശകാര്യ മന്ത്രാലയത്തിനും ലോക്സഭ സ്പീക്കർ ഓം ബിർളക്കും ഇസ്രായേൽ എംബസിയുടെ കത്ത്. ഒക്ടോബർ 14ന് ഗസ്സയിലെ ആശുപത്രിയിൽ ബോംബിട്ടതുമായി ബന്ധപ്പെട്ട ട്വിറ്ററിലെ റാവുത്തിന്റെ പ്രതികരണമാണ് കത്തിന് കാരണം. ‘ഹിറ്റ്ലർ ജൂതന്മാരെ ഇത്രയധികം വെറുത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ തനിക്ക് ബോധ്യമായി’ എന്നായിരുന്നു പോസ്റ്റ്.
ട്വീറ്റ് പിന്നീട് പിൻവലിച്ചെങ്കിലും 2.93 ലക്ഷം പേർ കണ്ടുകഴിഞ്ഞിരുന്നു. പോസ്റ്റിന്റെ സ്ക്രീൻഷോട്ട് അടക്കമാണ് ഇസ്രായേൽ എംബസിയുടെ കത്ത്. എക്കാലവും ഇന്ത്യക്കൊപ്പം നിൽക്കുന്ന രാജ്യമായ ഇസ്രായേലിനെ ട്വീറ്റ് എത്രത്തോളം വേദനിപ്പിച്ചെന്ന് റാവുത്തിനെ പറഞ്ഞു മനസ്സിലാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇന്ത്യൻ പാർലമെന്റംഗം ഇതുവരെ ഇന്ത്യയിൽ കണ്ടിട്ടില്ലാത്ത വിധം ‘യഹൂദ വിരുദ്ധ’തയിൽ ഏർപ്പെടുന്നത് തങ്ങളെ ഞെട്ടിച്ചതായും കത്തിൽ പറയുന്നു.
തന്റെ പോസ്റ്റ് ഇസ്രായേലിനെ വേദനിപ്പിക്കാനായിരുന്നില്ലെന്ന് പ്രതികരിച്ച സഞ്ജയ് റാവുത്ത് ട്വീറ്റ് നീക്കം ചെയ്ത് ഒരുമാസത്തിന് ശേഷം ഇസ്രായേൽ പരാതി ഉന്നയിച്ചതിൽ സംശയം പ്രകടിപ്പിച്ചു. അതിനുപിന്നിൽ മറ്റാരോ ഉണ്ടെന്നാണ് റാവുത്തിന്റെ ആരോപണം. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ മാത്രമല്ല, ഹമാസ് നടത്തിയ ആക്രമണത്തെയും താൻ വിമർശിച്ചതായി റാവുത്ത് ചൂണ്ടിക്കാട്ടി. യുദ്ധങ്ങളിൽ കുഞ്ഞുങ്ങളെ ആക്രമിക്കാൻ പാടില്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാറിന് ചാര സോഫ്റ്റ്വെയറായ പെഗസസ് നൽകിയതിനാലാണ് ഇന്ത്യ ഇസ്രായേലിനെ പിന്തുണക്കുന്നതെന്ന് റാവുത്ത് നേരത്തെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.