എസ്.എസ്.എൽ.വി-ഡി 1 പരാജയം പഠിക്കാൻ പ്രത്യേക കമ്മിറ്റി

ചെന്നൈ: ഇന്ത്യയുടെ പ്രഥമ എസ്.എസ്.എൽ.വി-ഡി 1 ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടത് പ്രത്യേക കമ്മിറ്റി പഠിക്കുമെന്ന് ഐ.എസ്.ആർ.ഒ. സാങ്കേതിക തകരാർ പരിഹരിച്ച് നാലു മാസത്തിനകം പുതിയ വിക്ഷേപണം നടത്തുമെന്നാണ് പ്രഖ്യാപനം. പ്രത്യേക കമ്മിറ്റിയുടെ അന്വേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയ ശേഷമായിരിക്കും അടുത്ത വിക്ഷേപണം.

പരാജയത്തോടെ ഡി1 മിഷനിൽ വിക്ഷേപിച്ച 137 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-02, 'സ്​പേസ് കിഡ്സ് ഇന്ത്യ' വിദ്യാർഥി സംഘം നിർമിച്ച ഉപഗ്രഹം 'ആസാദിസാറ്റ്' എന്നിവയാണ് നഷ്ടമായത്. ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമായതായി കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നു. വിക്ഷേപണ പരാജയം സമിതി പഠിക്കുമെന്നും എസ്.എസ്.എൽ.വി ഡി 2 ദൗത്യവുമായി തിരിച്ചെത്തുമെന്നും ഐ.എസ്.ആർ.ഒ പ്രസ്താവനയിൽ പറഞ്ഞു.

ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. അഞ്ചുമണിക്കൂറായിരുന്നു വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ. ഇത് ഞായറാഴ്ച പുലർച്ചെ 2.26നാണ് ആരംഭിച്ചത്. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടങ്ങൾ വിജയകരമാണെങ്കിലും ഒടുവിൽ ബന്ധം നഷ്ടമാകുകയായിരുന്നു. സെൻസർ പരാജയമാണ് വിക്ഷേപണം പരാജയപ്പെടുന്നതിലേക്ക് നയിച്ചതെന്ന് ഐ.എസ്.ആർ.ഒ വിശദീകരിച്ചു.

Tags:    
News Summary - ISRO Says committee will analyse SSLV d-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.