ബംഗളൂരു: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ആദ്യ പരീക്ഷണം അവസാന നിമിഷം നിർത്തിവെച്ചു. വിക്ഷേപണം നിശ്ചയിച്ചിരുന്ന സമയത്തിന് അഞ്ച് സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത് നിർത്തിവെച്ചത്. നേരത്തെ മോശം കാലാവസ്ഥ മൂലം വിക്ഷേപണം രാവിലെ എട്ട് മണിയിൽ നിന്ന് എട്ടരയിലേക്കും പിന്നീട് 8:45ലേക്കും മാറ്റിയിരുന്നു. അതേസമയം, വിക്ഷേപണം ഇന്ന് തന്നെ നടക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. തകരാർ പരിഹരിച്ചുവെന്നും ഇന്ന് രാവിലെ 10 മണിക്ക് വിക്ഷേപണമുണ്ടാവുമെന്നാണ് ഐ.എസ്.ആർ.ഒ അറിയിച്ചിരിക്കുന്നത്.
വിക്ഷേപണം നിർത്തിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് രംഗത്തെത്തി. ഗഗൻയാന്റെ പരീക്ഷണവിക്ഷേപണം ഇന്നുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻജിനിന്റെ ജ്വലനം സാധാരണരീതിയിലായിരുന്നില്ല. എന്ത് പിഴവാണ് ഉണ്ടായതെന്ന് കണ്ടെത്തും. വൈകാതെ വിക്ഷേപണവുമായി തിരിച്ചെത്തും. വിക്ഷേപണവാഹനം സുരക്ഷിതമാണെന്നും എസ്.സോമനാഥ് കൂട്ടിച്ചേർത്തു.
ഏതെങ്കിലും സാഹചര്യത്തിൽ ഗഗൻയാൻ ദൗത്യം റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള പരീക്ഷണവിക്ഷേപണമാണ് ഇന്ന് നടത്താനിരുന്നത്. ഇതിനായുള്ള ക്രൂ മൊഡ്യൂൾ കഴിഞ്ഞ ദിവസം വിക്ഷേപണവാഹനത്തിൽ ഘടിപ്പിച്ചിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രൂ എസ്കേപ് സിസ്റ്റം (സി.ഇ.എസ്) പരീക്ഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
റോക്കറ്റിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തിന് തുല്യമാകുന്ന സമയത്ത് പരാജയം സംഭവിച്ചാൽ യാത്രക്കാരെ എങ്ങനെ രക്ഷപ്പെടുത്താമെന്നാണ് പരീക്ഷണം. ഇതിനായി വികസിപ്പിച്ചെടുത്ത സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ടി.വി.ഡി1. ഇതിൽ ക്രൂ മൊഡ്യൂൾ (സി.എം), ക്രൂ എസ്കേപ് സിസ്റ്റം (സി.ഇ.എസ്) എന്നിവയാണ് പ്രധാന ഭാഗങ്ങൾ. യഥാർഥ മൊഡ്യൂളിന്റെ അതേ സ്വഭാവത്തിലുള്ളതാണ് പരീക്ഷണത്തിനുള്ളതും. നിശ്ചിത ഉയരത്തിൽനിന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന പേടകം ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ കരയിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.