ന്യൂഡല്‍ഹി: കണ്ണൂരിൽ തെരുവുനായുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചത് ഭൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. അപകടകാരികളായ തെരുവുനായകൾക്ക് ദയാവധം നൽകാൻ അനുമതിയാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഹരജിയിൽ അടുത്ത മാസം 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.
പേപ്പട്ടിയെന്നു സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദന രഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാൻ അനുവദിക്കണമെന്ന് ഹരജി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നായ്ക്കൾ കൂട്ടത്തോടെ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹരജിയോടൊപ്പം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എതിർകക്ഷികൾക്ക് നോട്ടിസ് അയയ്ക്കും. അടുത്ത മാസം ഏഴിനകം മറുപടി നൽകണം.
അതേസമയം, കാസർകോട്ടും കൊല്ലത്തും തെരുവ്നായുടെ ആക്രമണത്തില്‍ വയോധികക്കും പത്തുവയസുകാരനും പരിക്കേറ്റു. കാസര്‍കോട് ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്കാണ് തെരുവുനായകളുടെ കടിയേറ്റത്. ഭാരതിയുടെ കൈക്കും കാലിനും കഴുത്തിനും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഭാരതി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലം പോളയത്തോട് തെരുവ് നായയുടെ ആക്രണത്തിൽ അഞ്ചാം ക്ലാസുകാരന് പരിക്കേറ്റിട്ടുണ്ട്. ടോണി -കീർത്തി ദമ്പതികളുടെ മകൻ ഷൈനിനാണ് പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.