മൂന്ന് തവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജിന്റെ ദേശീയഗാന അവതരണത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിക്കി കേജ് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച വിഡിയോ ‘വിസ്മയകരം, ഇത് എല്ലാ ഇന്ത്യക്കാരെയും അഭിമാനിപ്പിക്കും’ എന്ന കുറിപ്പോടെ പ്രധാനമന്ത്രിയും പങ്കുവെച്ചു.
ലണ്ടനിലെ പ്രസിദ്ധമായ അബ്ബി റോഡ് സ്റ്റുഡിയോയിൽ ആയിരുന്നു നൂറ് അംഗങ്ങളുള്ള റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയെ ഉപയോഗിച്ച് ഇന്ത്യയുടെ ദേശീയ ഗാനം അവതരിപ്പിച്ചത്. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാർക്കുള്ള ഉപഹാരമായി 60 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പുറത്തിറക്കിയത്. ഇന്ത്യയുടെ ദേശീയ ഗാനം റെക്കോർഡ് ചെയ്ത ഏറ്റവും വലിയ ഓർക്കസ്ട്ര ടീമാണിത്.
1981 ആഗസ്റ്റ് അഞ്ചിന് പഞ്ചാബി കുടുംബത്തിൽ ജനിച്ച റിക്കി കേജ് എട്ടാം വയസ്സിൽ ബംഗളൂരുവിലേക്ക് മാറുന്നതോടെയാണ് സംഗീത ലോകത്തേക്ക് എത്തുന്നത്. ബംഗളൂരു കേന്ദ്രമായ റോക്ക് ബാൻഡ് എയ്ഞ്ചൽ ഡസ്റ്റിൽ കീബോഡിസ്റ്റായിരുന്ന റിക്കി, 2003ൽ റെവല്യൂഷൻ എന്ന പേരിൽ സ്വന്തം സ്റ്റുഡിയോ തുടങ്ങി. 3000ത്തിലധികം പരസ്യ ജിങ്കിളുകൾക്കും കന്നട സിനിമകൾക്കും സംഗീതമൊരുക്കിയ ശേഷമാണ് അന്താരാഷ്ട്ര തലത്തിലേക്ക് എത്തുന്നത്. സംഗീത ആൽബങ്ങളിൽ വലിയൊരു ശതമാനവും അമേരിക്കയിലാണ് റിലീസ് ചെയ്തത്.
മഹാത്മാ ഗാന്ധിക്കും നെൽസൺ മണ്ടേലക്കുമുള്ള ആദരമായി റിക്കി കേജും ദക്ഷിണാഫ്രിക്കൻ ഫ്ലൂട്ടിസ്റ്റ് വോൾട്ടർ കെല്ലെർമാനും ചേർന്ന് 2014 ജൂലൈ 15ന് പുറത്തിറക്കിയ ‘വിൻഡ്സ് ഓഫ് സംസാര’ ഏറെ ശ്രദ്ധ നേടിയിരുന്നു. 50 സംഗീതോപകരണങ്ങളെയും 120 സംഗീതജ്ഞരെയും ഒരുമിപ്പിച്ച ഈ ആൽബം കേജിന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഈ ആൽബമാണ് ആദ്യമായി ഗ്രാമി അവാർഡ് നേടിക്കൊടുക്കുന്നത്. 2015ൽ മികച്ച ന്യൂ ഏജ് ആൽബം വിഭാഗത്തിൽ ഗ്രാമി സ്വന്തമാക്കിയതോടെ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറി. ഗസ്സയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി പീറ്റർ ഗബ്രിയേലിനൊപ്പം ‘2 യുനൈറ്റ് ഓൾ’ എന്നപേരിൽ കേജ് ആൽബം നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.