ന്യൂഡൽഹി: പാർലമെൻറ് എന്ന കടമ്പ പിന്നിടുന്ന ജി.എസ്.ടി രണ്ടരമാസം കൊണ്ട് നടപ്പാക്കുന്നത് സർക്കാറിന് കടുത്ത വെല്ലുവിളി. വൻകിട നികുതി പരിഷ്കരണത്തിെൻറ സങ്കീർണത കണക്കിലെടുത്ത് നടപ്പാക്കൽ തീയതി ജൂലൈ ഒന്നിൽനിന്ന് സെപ്റ്റംബർ ഒന്നിലേക്ക് നീട്ടണമെന്ന ആവശ്യം വ്യവസായികളിൽനിന്ന് ഉയരുന്നുണ്ട്. അതേസമയം, അടുത്തഘട്ട നടപടികൾ ചർച്ചചെയ്യാൻ കേന്ദ്ര^സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോഗം വെള്ളിയാഴ്ച ഡൽഹിയിൽ സമ്മേളിക്കും. പരോക്ഷ നികുതികളെല്ലാം എടുത്തുകളഞ്ഞ് ചരക്കുസേവന നികുതി സമ്പ്രദായത്തിലേക്കു കുടിയേറുന്നതിന് പാർലമെൻറിലെ നിയമനിർമാണ പ്രക്രിയ അടുത്തയാഴ്ച പൂർത്തിയായേക്കും.
ലോക്സഭ കഴിഞ്ഞദിവസം അംഗീകരിച്ച നാലു ജി.എസ്.ടി ബില്ലുകളോട് ചില എതിർപ്പുകളുണ്ടെങ്കിലും പ്രതിപക്ഷം രാജ്യസഭയിൽ സർക്കാറിന് കാര്യമായ വെല്ലുവിളി ഉയർത്തില്ല. എന്നാൽ, അതിനു ശേഷവും നടപടികൾ പലതാണ്. സംസ്ഥാന ജി.എസ്.ടി ഒാരോ നിയമസഭകളും പാസാക്കുന്ന പ്രക്രിയയാണ് തുടർന്നു നടക്കേണ്ടത്. അതിന് സമയക്രമം നിശ്ചയിച്ചിട്ടില്ല. ഇതിനൊപ്പം ജി.എസ്.ടി കൗൺസിൽ കരടു ചട്ടങ്ങൾ രൂപപ്പെടുത്തണം. ഒാരോ ഉൽപന്ന, സേവനങ്ങളും ഏതേതു നികുതി സ്ലാബിനുകീഴിൽ കൊണ്ടുവരണമെന്ന് കേന്ദ്ര^സംസ്ഥാന ഉദ്യോഗസ്ഥ കർമസംഘം നിശ്ചയിക്കണം.
അക്കാര്യത്തിൽ ജി.എസ്.ടി കൗൺസിലിൽ സമവായമുണ്ടാകണം. നികുതിയടക്കുന്നതിനും നികുതിദായകരെ നിരീക്ഷിക്കുന്നതിനുമുള്ള വിപുലമായ ജി.എസ്.ടി വെബ്സൈറ്റ് ശൃംഖല തയാറാകണം. രണ്ടു ഡസനിലേറെ പരോക്ഷ നികുതികൾ ഇല്ലാതാക്കിയാണ്, ഒറ്റ നികുതി എന്ന മുദ്രാവാക്യവുമായി ജി.എസ്.ടി സമ്പ്രദായം സർക്കാർ നടപ്പാക്കുന്നത്. പ്രാബല്യത്തിൽ വന്നാൽ ആദ്യത്തെ ഏഴെട്ടു മാസങ്ങളിൽ കടുത്ത ആശയക്കുഴപ്പവും സങ്കീർണതകളും ഉണ്ടാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ജി.എസ്.ടിയിലേക്കുള്ള മാറ്റം സർക്കാറിന് വലിയ വെല്ലുവിളിയാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തന്നെ അഭിപ്രായപ്പെട്ടു.
ജി.എസ്.ടിയിലേക്കുള്ള സുഗമമായ കുടിയേറ്റത്തിന് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും നികുതി ഉദ്യോഗസ്ഥരുടെയും ബഹുതല ജാഗ്രതയും കഠിനാധ്വാനവും ആവശ്യമുണ്ട്. മാസങ്ങളെടുത്ത്, 13 യോഗങ്ങൾ കൊണ്ടാണ് ജി.എസ്.ടി കൗൺസിലിന് വിവിധ ബില്ലുകളുടെ കരടിന് അന്തിമ രൂപം നൽകാൻ കഴിഞ്ഞത്. നിയമങ്ങൾക്കനുസൃതമായ കരടു ചട്ടങ്ങൾ രൂപപ്പെടുത്താനുള്ള ചർച്ചകളാണ് വെള്ളിയാഴ്ചത്തെ കൗൺസിൽ യോഗത്തിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.