ന്യൂഡൽഹി: അസമിലെ സർക്കാർ നിയന്ത്രണത്തിലുള്ള മദ്രസകൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ ഡൽഹിയിൽ മുസ്ലിം ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജന്ദർമന്ദറിൽ നടന്ന പ്രതിഷേധത്തിൽ അസമിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ പങ്കെടുത്തതായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ അറിയിച്ചു.
സി.കെ സുബൈർ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
ആസാമിലെ സർക്കാർ നിയന്ത്രണത്തിലുള്ള മദ്രസകൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് ഡൽഹിയിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു.. അസമിൻ്റെ ജനസംഖ്യയുടെ 34 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന്റെ ഉദ്യോഗസ്ഥ തല പ്രാതിനിധ്യം കേവലം നാല് ശതമാനത്തിൽ കുറവാണ് ..ഈ ഒരൊറ്റക്കണക്കു മതി അവരുടെ പിന്നോക്കാവസ്ഥ ബോധ്യമാകാൻ..
സർക്കാർ നിയന്ത്രണത്തിലുള്ള 700 മദ്രസകളിലായി 35000 കുട്ടികൾ മത - ആധുനിക വിദ്യാഭ്യാസം ഒന്നിച്ച് നേടുന്നുണ്ട്.. പൊതു ,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണവും നന്നെ കുറവാണ്.. പറഞ്ഞു വന്നത് ഈ മദ്രസകൾ അടച്ചുപൂട്ടരുത് എന്ന് മാത്രമല്ല, കൂടുതൽ മുസ്ലിം കുട്ടികൾക്ക് വിദ്യാഭ്യാസം എന്ന മൗലികാവകാശം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള തീരുമാനമാണ് ഒരു സർക്കാർ സ്വീകരിക്കേണ്ടത്..
ആകെ ജനസംഖ്യയുടെ 34 ശതമാനം വരുന്ന ഒരു ജനതയുടെ പുരോഗതി ആ സംസ്ഥാനത്തിൻ്റെ പുരോഗതി തന്നെയാണ്.. പക്ഷേ എൻ ആർ സി യുടെ മറവിൽ സ്വന്തം ജനതയെ തടവിലിടാൻ ജയിലു പണിയാൻ കോടികൾ നശിപ്പിക്കുന്ന ആസാമിലെ ബി ജെ പി സർക്കാറിൽ നിന്ന് അത് പ്രതീക്ഷിക്കാനാവില്ല.. എൽ ആർ സി യിൽ സർബാനന്ദ സോനേവാൾ സർക്കാറിനെ നയിക്കുന്ന വർഗീയ വെറി തന്നെയാണ് മദ്രസാ വിഷയത്തിലും ഉള്ളത്.. ഇത് കൊണ്ട് തന്നെയാണ് ഈ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് സമരം ചെയ്യാൻ മുസ്ലിം ലീഗ് തീരുമാനിച്ചത്..
ആസാമിലെ മുസ്ലിം ലീഗ് ,യൂത്ത് ലീഗ് ,എം എസ് എഫ് പ്രവർത്തകർ ഡൽഹിയിലെത്തി ജന്ദർമന്ദറിലെ പ്രതിഷേധത്തിൽ പങ്കെടുത്തു.. നേരത്തെ മടങ്ങാൻ തീരുമാനിച്ചെങ്കിലും പാർട്ടി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീർ സാഹിബിൻ്റെ നിർദ്ദേശപ്രകാരം ഈ സമരത്തിൻ്റെ സംഘാടനത്തിനായി ഡൽഹിയിൽ തുടരുകയായിരുന്നു ..ഇന്നത്തേത് സമരത്തിൻ്റെ തുടക്കം മാത്രമാണ്.. സമാന മനസ്കരുമായി ഒത്തുചേർന്ന് ആസാമിൽ നാം തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും..
അസം മദ്രസാ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ മൗലാന ഫസലുദിൻ ചൗധരി, മൗലാന ഫൊയദ് അഹമ്മദ്, അല്ലാമാ സരീമുൽ ഹഖ്, എം എസ് എഫ് അസം സംസ്ഥാന പ്രസിഡണ്ട് തൗസീഫ് അഹമ്മദ് എന്നിവരെ കൂടാതെ,മുസ്ലിം ലീഗ് യൂത്ത് ലീഗ് ദേശീയ നേതാക്കളും സമരത്തിൽ പങ്കെടുത്തു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.