ന്യൂഡൽഹി: കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യത്തുക കെട്ടിവെക്കാൻ കഴിയാതെ ജയിലിൽ കഴിയുന്ന ഡൽഹി സുന്ദർവിഹാർ സ്വദേശി നൂർ മുഹമ്മദിന് സഹായവുമായി വിവിധ സംഘടനകൾ. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറിെൻറ നേതൃത്വത്തിലുള്ള സംഘം കുടുംബത്തെ കണ്ടു സഹായം വാഗ്ദാനം ചെയ്തു. പീപ്ൾ ഫൗണ്ടേഷനു കീഴിലുള്ള വിഷൻ 2026ഉം ജാമ്യത്തുക നൽകാമെന്ന് കുടുംബത്തെ അറിയിച്ചു.
എന്നാൽ, കേസ് നടത്തിയിരുന്ന ജംഇയ്യതുൽ ഉലമായേ ഹിന്ദ് തന്നെ ജാമ്യത്തുക കണ്ടെത്താമെന്ന് അറിയിച്ചു. ഖജൂരി ഖാസിൽ കട കൊള്ളയടിച്ചുവെന്ന് ആരോപിച്ചാണ് 30കാരനായ നൂർ മുഹമ്മദിനെ അറസ്റ്റ്ചെയ്യുന്നത്. പിന്നീട് എട്ടു കേസുകൾകൂടി ചുമത്തി. ഒരു തെളിവും ഹാജരാക്കാതെവന്നതോടെ അനന്തമായി ജയിലിലിടാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നൂർ മുഹമ്മദിന് ജാമ്യം അനുവദിച്ചത്.
ഒമ്പതു കേസുകളിലായി 1.75 ലക്ഷം രൂപയാണ് ജാമ്യത്തുകയായി കെട്ടിവെക്കേണ്ടത്. ഇത്രയും തുക കണ്ടെത്താൻ കുടുംബത്തിന് സാധിച്ചില്ല. ജാമ്യം ലഭിച്ചിട്ടും നൂർ മുഹമ്മദ് ജയിലിൽ കഴിയുന്ന വാർത്ത കണ്ട യൂത്ത് ലീഗ് സംഘം അഭിഭാഷകൻ അഡ്വ. അക്തർ ഷമീം മുഖേന ബുധനാഴ്ച കക്കട്ദൂമ ജില്ല കോടതിയിലെത്തിയാണ് പിതാവ് മുന്ന മൗജി, മാതാവ് അൻവരി, ഭാര്യ ഫാത്തിമ ബീഗം എന്നിവരെ സമീപിച്ച് സഹായം വാഗ്ദാനം ചെയ്തത്. എന്നാൽ, ജംഇയ്യതുൽ ഉലമായേ ഹിന്ദ് തുക കെട്ടിവെക്കാൻ സന്നദ്ധമായി.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. ഫൈസൽ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളായ അഡ്വ. മർസൂഖ് ബാഫഖി തങ്ങൾ, ഷിബു മീരാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.