ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഡൽഹി മുൻ ആരോഗ്യ മന്ത്രിയും ആം ആത്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയ്നിനെ ആരോഗ്യനില വഷളായതിനെത്തുടർന്ന് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷം മേയിൽ അറസ്റ്റിലായ അദ്ദേഹം തിഹാർ ജിയിലിൽ തടവിലാണ്.
നട്ടെല്ലിന് അസുഖം ബാധിച്ച ജെയിനിനെ കഴിഞ്ഞയാഴ്ച ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് അയച്ചതായി തിഹാർ ജയിൽ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അവിടെവെച്ച് അദ്ദേഹം മറ്റൊരു ഡോക്ടറുടെ കൂടി നിർദേശം തേടണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടർ അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭക്ഷണ ശീലവും സമ്മർദ്ദവുമാണ് ജെയിനിന്റെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ശരീരഭാരം കുറയുന്നതെന്ന് മനസിലാക്കാൻ ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംസാരിക്കുന്നുണ്ടെന്നും ജയിലധികൃതർ പറഞ്ഞു.
ജെയ്ൻ പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ പ്രാർഥിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി കെജ് രിവാൾ ട്വീറ്റ് ചെയതു. ബി.ജെ.പി സർക്കാരിന്റെ അനീതിയും അഹന്തയും ഡൽഹിയിലെ ജനങ്ങൾക്ക് കാണാൻ കഴിയും. ഈ പോരാട്ടത്തിൽ ജനങ്ങളും ദൈവവും കൂടെയുണ്ട്. ക്രൂരതയ്ക്കും അനീതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരായ ഈ പോരാട്ടം തുടരും. തങ്ങൾ ഭഗത് സിങിന്റെ അനുയായികളാണെന്നും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.