ശ്രീനഗർ: ജയിലിൽ നിന്ന് മത്സരിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്ര എം.പി അബ്ദുൽ റാഷിദ് ശൈഖ് എന്ന എൻജിനീയർ റാഷിദിന്‍റെ സഹോദരനും സജീവ രാഷ്ട്രീയത്തിലേക്ക്. എൻജിനീയർ റാഷിദിന്‍റെ ഇളയ സഹോദരൻ ഖുർഷിദ് അഹമ്മദ് ശൈഖ് ആണ് വരുന്ന ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ പോകുന്നത്.
വടക്കൻ കശ്മീരിലെ ഹന്ദ്വാര സീറ്റിലാണ് അഹമ്മദ് ശൈഖ് മൽസരിക്കുകയെന്ന് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്തു. മുമ്പ് സഹോദരൻ എൻജിനീയർ റാഷിദ് ഹന്ദ്വാര മണ്ഡലത്തെ പ്രതിനിധികരിച്ചിരുന്നു. നിലവിൽ മാവറ ഗവൺമെന്‍റ് മിഡിൽ സ്‌കൂൾ അധ്യാപകനായ അഹമ്മദ് ശൈഖ്, സ്ഥാനാർഥിയാകുന്നതോടെ ജോലിയിൽ നിന്ന് സ്വയം വിരമിക്കുമെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
അവാമി ഇത്തിഹാദ് പാർട്ടിയുടെ (എ.ഐ.പി) ആക്ടിങ് പ്രസിഡന്‍റായ ഖുർഷിദ് അഹമ്മദ് ശൈഖ്, സഹോദരൻ എൻജിനീയർ റാഷിദിന്‍റെ ദൗത്യം നിറവേറ്റാനാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. നല്ല മാറ്റങ്ങൾ കൊണ്ടുവരാനും സമൂഹത്തിന് സംഭാവന നൽകാനുമാണ് രാഷ്ട്രീയം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അഹമ്മദ് ശൈഖ് പ്രതികരിച്ചു.
ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചതോടെ കൂടുതൽ രാഷ്ട്രീയ നേതാക്കൾ അവാമി ഇത്തിഹാദ് പാർട്ടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഇത് പാർട്ടിയുടെ നില കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
2019 മുതൽ തിഹാർ ജയിലിൽ കഴിയുന്ന എൻജിനീയർ റാഷിദ്, നാഷണൽ കോൺഫറസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയെയും പീപ്പിൾസ് കോൺഫറൻസ് സ്ഥാനാർഥി സജാദ് ലോണിനെയും തോൽപിച്ചാണ് ജമ്മു-കശ്മീരിലെ ബരാമുല്ല സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എ.ഐ.പിയുടെ രക്ഷാധികാരിയായ എഞ്ചിനീയർ റാഷിദിന്‍റെ വിജയം ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യവും നേടി.
തീവ്രവാദി സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട് 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ എൻജിനീയർ റാഷിദ് ജയിലിൽ നിന്നാണ് പാർലമെന്റിലേക്ക് സ്വതന്ത്രനായി മത്സരിച്ചത്. 1.34 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷച്ചിലായിരുന്നു വിജയം. എൻ.ഐ.എ കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് എൻജിനീയർ റാഷിദ് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പിനാണ് ജമ്മു-കശ്മീർ സാക്ഷ്യം വഹിക്കുന്നത്.
ജമ്മു-കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്. 2014 നവംബർ- ഡിസംബറിൽ അഞ്ചു ഘട്ടങ്ങളിലായാണ് ജമ്മു-കശ്മീരിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകി ഈ വർഷം സെപ്റ്റംബർ 30നകം നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി നിർദേശം കൂടിയാണ് ഇപ്പോൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.