ബംഗളൂരു: ചിക്കോടി ഹൊരെകോഡി നന്തി പർവത്തിലെ ജൈന ബസ്തിയിൽ നിന്ന് ആചാര്യ ശ്രീ കാമകിമാരാനന്ദി മഹാരാജയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ശരീരം ചെറുകഷണങ്ങളാക്കി ഹിരെകൊഡിയിലെ കുഴൽ കിണറിൽ തള്ളിയ കേസ് സി.ബി.ഐക്ക് കൈമാറണം എന്ന ആവശ്യം കർണാടക സർക്കാർ തള്ളി. സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കർണാടക പൊലീസ് തന്നെ തുടരന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹത്തിന് ഒരുങ്ങിയ പ്രമുഖ ജൈന സന്യാസി ഗുണധാരാനന്ദി മുനി മഹാരാജയെ തിങ്കളാഴ്ച അദ്ദേഹത്തിന്റെ ആശ്രമത്തിൽ സന്ദർശിച്ച ശേഷമാണ് മന്ത്രി സർക്കാർ നിലപാട് പ്രഖ്യാപിച്ചത്.
കിരാതമായ സംഭവമാണ് കൊലപാതകം. എന്നാൽ അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി എന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. ഹീന നീക്കമാണത്. ഇതുവരെ കർണാടക നിയമസഭ പ്രതിപക്ഷ നേതാവിനെപ്പോലും കണ്ടെത്താൻ ആ പാർട്ടിയിലെ ശൈഥില്യം കാരണം കഴിയുന്നില്ല. ജൈന ആചാര്യ വധക്കേസ് അന്വേഷണം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് പരമേശ്വര പറഞ്ഞു. സി.ബി.ഐക്ക് കൈമാറണം എന്ന ആവശ്യവുമായി ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പി, കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി എന്നിവർ രംഗത്തുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുമ്പാകെ ഈ ആവശ്യമുന്നയിക്കാനാണ് ബി.ജെ.പി നീക്കം. ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖും ഇതേ ആവശ്യം ഉന്നയിച്ചു. കൊടിയ ക്രൂരതയാണ് ജൈന ആചാര്യ വധം എന്ന് ഗുണധാരാനന്ദി മുനി മഹാരാജ പറഞ്ഞു. എന്നാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സത്യഗ്രഹത്തിൽനിന്ന് പിന്മാറുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും തന്നെ ബന്ധപ്പെട്ടിരുന്നു. സത്യഗ്രഹ തീരുമാനമെടുത്തപ്പോൾ കൊലപാതകികളെക്കുറിച്ച് ഓർത്തില്ല. അവർ കഠിനമായി ശിക്ഷിക്കപ്പെടുകയല്ല, മാനസാന്തരം സംഭവിക്കുകയാണ് വേണ്ടത്. ജൈന ബസ്തി, ആശ്രമങ്ങൾ, വിശ്വാസികൾ സംരക്ഷിക്കപ്പെടണം എന്ന ആവശ്യം ആഭ്യന്തര മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി നൽകിയ ഉറപ്പിൽ പൂർണ വിശ്വാസമുണ്ട്. പഞ്ച മഠാധിപതികളും മുസ്ലിം സമുദായ നേതാക്കൾ പ്രത്യേകമായും തങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. അത് നൽകുന്ന സുരക്ഷബോധം ചെറുതല്ലെന്ന് മുനി പറഞ്ഞു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ ബന്ധപ്പെട്ടതിനെത്തുടർന്നായിരുന്നു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുനി സത്യഗ്രഹം തീരുമാനിച്ചത്.
ബുധനാഴ്ച ആശ്രമത്തിൽ നിന്ന് കാണാതായ ചിക്കോടി ജൈന മതാചാര്യന്റെ ശരീരം ചെറുകഷണങ്ങളാക്കി ഉപയോഗിക്കാത്ത കുഴൽ കിണറിൽ തള്ളിയ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാരായണ ബസപ്പ മഡി(47), ഹസ്സൻ ദലയത്ത്(43) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 15 വർഷമായി ആശ്രമ ജീവിതം നയിച്ചുപോരുകയായിരുന്ന സന്യാസിയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ കടമായി കൈപ്പറ്റിയ പ്രതികൾ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.