ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിലെ സസ്പെൻസും അടിമുടി ട്വിസ്റ്റുകളും കോൺഗ്രസ്, ബി.ജെ.പി ഓഫിസുകൾക്ക് മുന്നിലും നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ആദ്യഘട്ടത്തിൽ കോൺഗ്രസിന്റെ തേരോട്ടം കണ്ടപ്പോൾ ഉത്സവപ്രതീതിയിലായിരുന്ന എ.ഐ.സി.സി ആസ്ഥാനം മണിക്കൂറുകൾക്കകം ബി.ജെ.പി മുന്നിലെത്തിയതോടെ പതിയെ നിശബ്ദമായി. ഇതോടെ മൂകത തളംകെട്ടിയ ബി.ജെ.പി ആസ്ഥാനം ആവേശക്കൊടുമുടിയിലായി.
ചൊവ്വ രാവിലെ 6 മണി
വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പേ തന്നെ അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തേക്ക് പ്രമുഖ നേതാക്കളും പ്രവർത്തകരും ഒഴുകിയെത്തുന്നു.
രാവിലെ 8 മണി
ആദ്യമണിക്കൂറിൽ ഹരിയാനയിൽ കോൺഗ്രസ് ലീഡ് തുടർന്നപ്പോൾ പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ആഘോഷം തുടങ്ങി.
രാവിലെ 9.30
പൊടുന്നനെ സീറ്റുനില മാറിമറിഞ്ഞതോടെ എ.ഐ.സി.സി ആസ്ഥാനത്ത് ആകാംക്ഷയുടെ മണിക്കൂറുകൾ.
രാവിലെ 10.30
ബി.ജെ.പി 47 സീറ്റുകളിൽ ലീഡ് ഉയർത്തിയതോടെ കോൺഗ്രസ് പ്രവർത്തകരുടെ മുഖത്ത് നിരാശ. പലരും മടങ്ങി. ഏതാനും ചിലർ പ്രതീക്ഷ കൈവിടാതെ തുടർന്നു. ഉച്ചയോടെ അവരും മടങ്ങിയതോടെ എ.ഐ.സി.സി ആസ്ഥാനം നിശബ്ദം.
രാവിലെ 8.30വരെ ആരവമൊഴിഞ്ഞ ദീൻ ദയാൽ ഉപാധ്യായ് മാർഗിലെ ബി.ജെ.പി ഓഫിസ് ലീഡ് നില മാറിമറിഞ്ഞതോടെ പൊടുന്നനെ സജീവമായി. ലീഡ് നില ഉയരുന്നതിനനുസരിച്ച് ബി.ജെ.പി ഓഫിസ് പരിസരത്ത് ആവേശഭരിതരായ പ്രവർത്തകരും നേതാക്കളും തടിച്ചുകൂടാൻ തുടങ്ങി.
ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ ഓഫിസിലെത്തുമെന്നുള്ള അറിയിപ്പുമെത്തി. ആഘോഷങ്ങളും മധുരവിതരണവുമായി പ്രവർത്തകർ വൈകിയും ഇവിടെ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.