ന്യൂഡൽഹി: ബി.ജെ.പിക്കും നരേന്ദ്ര മോദി സർക്കാറിനും കനത്ത തിരിച്ചടി പ്രവചിക്കുന്ന ജമ്മു കശ്മീരിലെയും ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജനം പ്രതിഫലിപ്പിച്ച വികാരത്തോട് ചേർന്നുനിൽക്കുന്നതായി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന നിലയിലും ജമ്മു കശ്മീരിന് പ്രത്യോകാധികാരം നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയ ശേഷമുള്ള പ്രഥമ തെരഞ്ഞെടുപ്പ് എന്ന നിലയിലും ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പ് ഫലം കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികളുടെ പിൻബലത്തിൽ മുന്നോട്ടുപോകുന്ന നരേന്ദ്ര മോദി സർക്കാറിന് നിർണായകമാകും.
ഇരു സംസ്ഥാനങ്ങളിലും 90 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും ജമ്മു കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട 90 എം.എൽ.എമാർക്ക് പുറമെ ലഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് എം.എൽ.എമാരെ നാമനിർദേശം ചെയ്യാം. വോട്ടവകാശമുള്ള ഈ എം.എൽ.എമാരുടെ എണ്ണം കുടി ചേർത്താൽ 48 എം.എൽ.എമാരുണ്ടെങ്കിലേ ജമ്മു കശ്മീരിൽ ഭരണം നേടാനാകൂ. എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ച പോലെ ജമ്മു മേഖലയിൽ 28 സീറ്റ് പരമാവധി പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി അത് നേടുകയും താഴ്വരയിൽ ഒന്നോ രണ്ടോ സീറ്റ് അതിനാടൊപ്പം ചേർക്കുകയും ചെയ്താൽ സ്വതന്ത്രന്മാരെയും മറ്റുള്ളവരെയും ചാക്കിട്ടു പിടിച്ച് സർക്കാറുണ്ടാകുമെന്ന ആശങ്ക വോട്ടർമാർ പ്രകടിപ്പിച്ചിരുന്നു.
കോൺഗ്രസ് - എൻ.സി.പി സഖ്യത്തിന് ഭൂരിപക്ഷം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം വന്ന ശേഷവും ജമ്മു കശ്മീരിൽ ബി.ജെ.പി സർക്കാർ ഉണ്ടാക്കുമെന്ന് സംസ്ഥാന പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ നിർമൽ സിങ്ങ് പ്രഖ്യാപിക്കുന്നത് ബി.ജെ.പിയുടെ ഈ കണക്കുകൂട്ടലുകളുടെ ബലത്തിലാണ്. എന്നാൽ ജമ്മുവിൽ കോൺഗ്രസ് ശക്തമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിൽ ബി.ജെ.പിക്ക് അവിടെ 20 സീറ്റിൽ താഴെയാകുകയും ഭരണം കിനാവ് കാണാൻ പോലും കഴിയാത്ത സാഹചര്യം സംജാതമാകുകയും ചെയ്യും.
നിരവധി പ്രോക്സികളെ നിർത്തി ജമ്മു കശ്മീരിന്റെ ജനഹിതം അട്ടിമറിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങൾ വിജയിച്ചിട്ടില്ലെന്നും യഥാർഥ ജനഹിതം ഫലത്തിൽ പ്രതിഫലിച്ചാൽ കോൺഗ്രസ് - എൻ.സി സഖ്യം കേവല ഭൂരിപക്ഷം നേടുമെന്നുമാണ് ജമ്മു കശ്മീരിൽ നിന്നുള്ള എൻ.സി എം.പി ആഗ സയ്യിദ് റൂഹുല്ല മെഹ്ദി പറഞ്ഞത്. കോൺഗ്രസ് - നാഷനൽ കോൺഫറൻസ് സഖ്യത്തിന് ജമ്മു കശ്മീരിൽ സർക്കാർ രൂപവൽക്കരണത്തിനുള്ള മാന്ത്രിക അക്കത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും പി.ഡി.പി പിന്തുണക്കുമെന്നുറപ്പാണ്. ഇക്കാര്യം പി.ഡി.പിയും വ്യക്തമാക്കിയിട്ടുണ്ട്.
എക്സിറ്റ് പോളുകൾക്കപ്പുറത്ത് ഹരിയാനയിൽ ബി.ജെ.പി ശക്തി കേന്ദ്രങ്ങളായ നഗര മണ്ഡലങ്ങളിൽ പോളിങ് കുത്തനെ താഴ്ചന്നതും ബി.ജെ.പി വിരുദ്ധ മണ്ഡലങ്ങളിൽ ശക്തമായ പോളിങ് നടന്നതും 65 വരെയുള്ള സീറ്റ് നിലയിലേക്ക് കോൺഗ്രസിനെ എത്തിച്ചേക്കാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന് കേവല ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. ബി.ജെ.പിക്ക് പരമാവധി 32 സീറ്റ് പ്രവചിക്കുന്നവർക്കൊപ്പം അത് 15 വരെ എത്താമെന്ന് പറയുന്ന ഏജസികളുമുണ്ട്. ജാട്ടുകൾ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി വോട്ടു ചെയ്താലും ജാട്ട് ഇതര വോട്ടുകൾ സമാഹരിച്ച് മൂന്നാമുഴത്തിലേറാമെന്ന് ബി.ജെ.പി കണക്കുകൂട്ടലാണ് ഹരിയാനയിൽ തെറ്റുന്നത്. ഗുസ്‍തി താരങ്ങളുടെ അഖാഡകളിലെ വിരോധവും കർഷകരുടെ രോഷവും തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയും ജാതി സമവാക്യത്തിനപ്പുറം കോൺഗ്രസിന്റെ പ്രതീക്ഷകളേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.