ജമ്മു -കശ്മീർ ഭീകരാക്രമണം: അപലപിച്ച് നേതാക്കൾ

ശ്രീനഗർ: ജമ്മു -കശ്മീരിലെ ഗന്തർബാലിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് നേതാക്കൾ. കശ്മീർ സ്വദേശിയായ ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ചുപേർക്ക് പരിക്കേറ്റു. ഗന്തർബാൽ ജില്ലയിൽ ശ്രീനഗർ-ലേ ദേശീയപാതയുടെ ഭാഗമായി തുരങ്ക നിർമാണം നടക്കുന്ന സ്ഥലത്താണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് തൊഴിലാളികൾ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രഥമ മാരത്തൺ അരങ്ങേറിയ ദിവസംതന്നെ നടന്ന ഭീക്രാക്രമണം സംസ്ഥാനത്തെ ഞെട്ടിച്ചു.

ഭീകരാക്രമണത്തിന് സുരക്ഷാസേന പകരം ചോദിക്കുമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു. ഭീകരർക്ക് എക്കാലവും ഓർത്തിരിക്കാവുന്ന തിരിച്ചടി നൽകാൻ ജമ്മു -കശ്മീർ പൊലീസിനും സുരക്ഷാ സേനകൾക്കും നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയെ അദ്ദേഹം ചുമതലപ്പെടുത്തി. കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകാൻ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച കമ്പനിയോടും അദ്ദേഹം ആവശ്യപ്പെട്ടു. കുടംബങ്ങൾക്ക് നൽകുന്ന ധനസഹായത്തെക്കുറിച്ച് ആപ്കോ ഇൻഫ്രാടെക് കമ്പനി പ്രതിനിധികൾ ലഫ്. ഗവർണറെ ധരിപ്പിച്ചു. സുരക്ഷാ സംബന്ധമായ ചെലവുകളുടെ കീഴിൽ കൊല്ലപ്പെട്ടവരുടെ അടുത്ത കുടുംബാംഗത്തിന് ആറ് ലക്ഷം രൂപ നൽകും. കമ്പനി അടിയന്തര സാഹയമായി 15 ലക്ഷം രൂപ വീതവും നൽകും. പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും സഹായം ലഭിക്കും. ഇതിന് പുറമെ, അഞ്ചുവർഷത്തെ ശമ്പളവും തൊഴിലാളികളുടെ കുടുംബത്തിന് ലഭിക്കും.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ആവേശത്തോടെ പങ്കെടുത്ത ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സമാധാനത്തിെന്റയും വികസനത്തിെന്റയും നേട്ടം ലഭിക്കുന്നത് തടയാൻ തൽപര കക്ഷികളെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു.

ജമ്മു -കശ്മീരിൽ ഭീകരാക്രമണം നടത്തുന്നതിനുപിന്നിൽ പാകിസ്താനാണെന്ന് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഇന്ത്യയുമായി സൗഹൃദ ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാകിസ്താൻ ഭീകരാക്രമണം നിർത്തണം. ജമ്മു- കശ്മീരിലെ ഭീകരാക്രമണം നിർത്തുന്നതുവരെ പാകിസ്താനും ഇന്ത്യയും തമ്മിൽ ചർച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തെ കോൺഗ്രസും അപലപിച്ചു. മനുഷ്യത്വരഹിതമായ ഇത്തരം പ്രവൃത്തികളിലൂടെ ജമ്മു -കശ്മീരിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽനിന്ന് ഇന്ത്യയെ തടയാനാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഭീകരതക്കെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു. നിരപരാധികളെ കൊലപ്പെടുത്തിയത് ക്ഷമിക്കാനാവാത്ത കുറ്റമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഹുറിയത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. 

Tags:    
News Summary - Jammu Kashmir terrorist attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.