ബനിഹാൽ/ജമ്മു: ശ്രീനഗർ-ജമ്മു ദേശീയപാതയിൽ നിർമാണത്തിലുള്ള തുരങ്കം ഇടിഞ്ഞതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം പത്തായി. 13 പേരാണ് തുരങ്കത്തിൽ അകപ്പെട്ടത്. ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച വീണ്ടും മണ്ണിടിഞ്ഞതിനെ തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ശനിയാഴ്ച രാവിലെ പുനരാരംഭിച്ചപ്പോഴാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ശ്രീനഗർ-ജമ്മു ദേശീയപാതയിലെ ഖൂനി നല്ലക്കടുത്തുള്ള റമ്പാനിലാണ് ദുരന്തമുണ്ടായത്. നിർമാണപ്രവർത്തനങ്ങൾക്കിടെ വ്യാഴാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. 13 പേരാണ് അവശിഷ്ടങ്ങളിൽ കുടുങ്ങിയത്. ഒരാളുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു.
ടണലിന്റെ നീളം മൂന്നു മുതൽ നാലുവരെ മീറ്റർ മാത്രമാണെങ്കിലും പ്രവേശന കവാടത്തിൽ കൂറ്റൻ പാറകളും മണ്ണും അടിഞ്ഞതിനാലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാലും രക്ഷാപ്രവർത്തനം ദുഷ്കകരമാണ്.
വെള്ളിയാഴ്ച വൈകീട്ട് വീണ്ടും മണ്ണിടിച്ചിലുണ്ടായപ്പോൾ 15 രക്ഷാപ്രവർത്തകർ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ജമ്മു-കശ്മീർ, പശ്ചിമ ബംഗാൾ, അസം, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ദുരന്തത്തിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.