ന്യൂഡൽഹി: ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദു സംഘടനകൾ ഞായറാഴ്ച ജന്തർമന്തറിൽ സംഘടിപ്പിച്ച യോഗം പൊലീസ് തടഞ്ഞു. യോഗത്തിൽ ചിലർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിെന തുടർന്നാണ് പൊലീസ് നീക്കമെന്നാണ് റിപ്പോർട്ട്.
ഏതെങ്കിലും പ്രത്യേക മതങ്ങളെ കുറിച്ച് മോശമായി പരാമർശിക്കരുതെന്ന പൊലീസ് നിർദേശം ലംഘിച്ചതിനെ തുടർന്നാണ് യോഗം നിർത്തിവെക്കാൻ സംഘാടകരോട് ആവശ്യപ്പെട്ടത്. ഓൾ ഇന്ത്യ സനാതൻ ഫൗണ്ടേഷനും മറ്റ് സംഘടനകളും ചേർന്നാണ് ജന്തർമന്തറിൽ 'മഹാപഞ്ചായത്ത്' സംഘടിപ്പിച്ചത്.
അതേസമയം പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന ആരോപണം ഹിന്ദു സേനയുടെ വിഷ്ണു ഗുപ്ത നിഷേധിച്ചു. 'നൂഹിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടു. ഞങ്ങൾ ഇരകളാണ്, നൂഹിൽ ഞങ്ങൾക്ക് സംഭവിച്ചതിൽ പ്രതിഷേധിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല'- ഗുപ്ത പറഞ്ഞു.
ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയും മുസ്ലീങ്ങളുടെ ജനസംഖ്യ ഇതുപോലെ വളരുകയും ചെയ്താൽ പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കൾക്ക് സംഭവിച്ചത് ഇവിടെയും ആവർത്തിക്കുമെന്ന് യതി നരസിംഹാനന്ദ് യോഗത്തിൽ പറഞ്ഞു.
പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് മുമ്പ് കേസ് നിലവിലുള്ളയാളാണ് നരസിംഹാനന്ദ്. ഇദ്ദേഹത്തിന്റെ പ്രസംഗം പൊലീസ് ഇടപ്പെട്ട് തടയുകായായിരുന്നു.
നരസിംഹാനന്ദിന് പിന്നാലെ സംസാരിച്ച ഹിന്ദു സേനയുടെ വിഷ്ണു ഗുപ്ത, നുഹും മേവത്തും പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ചു. നൂഹ് ജിഹാദികളുടെയും ഭീകരരുടെയും കോട്ടകയായി മാറിയെന്നും ആർമിയുടേയും സി.ആർ.പി.എഫ് ക്യാമ്പുകൾ അവിടെ സ്ഥാപിക്കണമെന്നും പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
'1947-ൽ രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. ഒരൊറ്റ മുസ്ലീം ഇവിടെ ഉള്ളിടത്തോളം കാലം വിഭജനം പൂർത്തിയാകില്ല'-ഗുപ്ത തുടർന്നു.
യോഗം വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് വീണ്ടും പൊലീസ് ഇടപ്പെട്ട് പരിപാടി അവസാനിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
ജൂലൈ 31ന് വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് മുമ്പ് തീവ്ര ഹിന്ദുത്വവാദി ബിട്ടു ബജ്‌റംഗി എന്ന രാജ് കുമാർ പുറത്തുവിട്ട വർഗീയ വിഡിയോയാണ് നൂഹ് കലാപത്തിന് വഴിമരുന്നിട്ടത്. വർഗീയ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.