സ്വാതന്ത്ര്യസമര സേനാനി ചന്ദ്രശേഖർ ആസാദിനെ ഗൂഢാലോചന നടത്തി കൊല്ലിച്ചത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണെന്ന് ബി.ജെ.പി നേതാവ്. രാജസ്ഥാൻ ബിജെപി എംഎൽഎയും പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മദൻ ദിലാവറാണ് പുതിയ വാദവുമായി രംഗത്തുവന്നത്. എംഎൽഎയുടെ മാനസികനില തകരാറിലാണെന്ന് കോൺഗ്രസ് തിരിച്ചടിച്ച്.
'സ്വതന്ത്ര്യ സമരത്തിനിടെ ചന്ദ്രശേഖർ ആസാദ് പണം ആവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റുവിന്‍റെ അടുക്കലേക്ക് പോയിരുന്നു. 1,200 രൂപ അദ്ദേഹത്തിന് ആവശ്യമായിരുന്നു. പണം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം ഒരു പാർക്കിൽ കാത്തിരിക്കാൻ ആസാദിനോട് ആവശ്യപ്പെട്ടു. അതിനുശേഷം തീവ്രവാദി ചന്ദ്രശേഖർ ആസാദ് ഒരു പാർക്കിൽ ഇരിക്കുകയാണെന്ന് അദ്ദേഹം ബ്രിട്ടീഷ് പോലീസിനെ അറിയിക്കുകയായിരുന്നു' -നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉടൻ നടക്കുന്ന രാജ്‌സമന്ദ് ജില്ലയിൽ ഞായറാഴ്ച ദിലാവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ബ്രിട്ടീഷ് പോലീസ് എത്തി ആസാദിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവരിൽ ചിലരെ കൊലപ്പെടുത്തിയ ആസാദ് അവസാനം പൊലീസ് തന്നെ വളഞ്ഞെന്ന് മനസിലായപ്പോൾ സ്വയം വെടിവച്ച് മരിച്ചു'- ദിലാവർ പറഞ്ഞു.
ദിലവാറിന്‍റെ പ്രസ്താവനയെ കോൺഗ്രസ് ശക്തമായി വിമർശിച്ചു. 'ദിലവാറിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള അറിവ് ദുർബലവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. പ്രായം കൂടുന്നതിനനുസരിച്ച് അദ്ദേഹത്തിന്‍റെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു. വാർത്തകളിൽ ഇടം നേടുന്നതിനായി കാലാകാലങ്ങളിൽ ഇത്തരം അസംബന്ധങ്ങൾ അദ്ദേഹം പറയുകയാണ്' -രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പുഷ്പേന്ദ്ര ഭരദ്വാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.