ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസ്സുമായി ബി.ജെ.പി സഖ്യം തീർക്കുന്നതിനെതിരെ പാർട്ടിയുടെ യശ്വന്ത്പുർ എം.എൽ.എ എസ്.ടി. സോമശേഖർ. ബി.ജെ.പിക്കും ജെ.ഡി-എസിനും ഒരിക്കലും ഒന്നിച്ചു പ്രവർത്തിക്കാനാവില്ലെന്ന് സോമശേഖർ പറഞ്ഞു. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയിൽ അതൃപ്തനായ അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങിയെന്നാണ് സൂചന. ബി.ജെ.പിയുടെ പ്രധാന യോഗങ്ങളിൽനിന്ന് വിട്ടുനിന്ന സോമശേഖർ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പല ബി.ജെ.പി, ജെ.ഡി-എസ് പ്രവർത്തകരും സഖ്യത്തിനെതിരാണ്. പക്ഷേ, ആരും അത് പരസ്യമായി പ്രകടിപ്പിക്കുന്നില്ല. പാർട്ടിക്കുള്ളിൽ ഇത് പറയുന്നവരുണ്ട്. ഞാൻ ആറു തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ജെ.ഡി-എസായിരുന്നു എന്റെ പ്രധാന എതിരാളി. രണ്ടു പതിറ്റാണ്ടോളം അവരുമായി ഏറ്റുമുട്ടിയ എനിക്ക് അവരുമായി സഖ്യത്തിലേർപ്പെടുക പ്രയാസമാണ്- സോമശേഖർ പറഞ്ഞു.
ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തന്റെ അനുയായികളുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസമായി ഞാൻ ബി.ജെ.പിയിൽ നിശ്ശബ്ദനാണ്. പെട്ടെന്ന് ഒരു തീരുമാനമെടുക്കരുതെന്നാണ് ബി.എസ്. യെദിയൂരപ്പയുടെ ഉപദേശം. അന്തിമ തീരുമാനത്തിന് മുമ്പ് യെദിയൂരപ്പയുമായി ചർച്ച നടത്തുമെന്നും സോമശേഖർ പറഞ്ഞു.
ഉത്തര കന്നഡയിലെ യെല്ലാപുരയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ ശിവറാം ഹെബ്ബാറും സോമശേഖറിനൊപ്പമുണ്ടായിരുന്നു. ഇരുവരും ബി.ജെ.പിയിൽ അവഗണന നേരിടുന്നെന്ന ആരോപണമുയർത്തിയ എം.എൽ.എമാരാണ്. 2019ൽ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യ സർക്കാറിനെ അട്ടിമറിച്ച ബി.ജെ.പിയുടെ ഓപറേഷൻ താമരയിൽ രാജിവെച്ച 15 എം.എൽ.എമാരിൽ ഉൾപ്പെടുന്നവരാണ് ഇരുവരും. കോൺഗ്രസ് എം.എൽ.എമാരായിരിക്കെയാണ് സോമശേഖറും ഹെബ്ബാറും ബി.ജെ.പിയിലേക്ക് ചേക്കേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.