ന്യൂഡൽഹി: യമുന നദിയുടെ വിവിധ തീരങ്ങളിൽ ഡൽഹി സർക്കാർ ഛാത് പൂജ നിരോധിച്ചതിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധം. ജെ.ഡി.യു, ഛാത് പൂജ സംഘർഷ് സമിതി അംഗങ്ങളാണ് ഞായറാഴ്ച പ്രതിഷേധിച്ചത്.
'ഛാത് പൂജ നിരോധിച്ചതിലൂടെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒളിച്ചിരിക്കുകയാണ്, സർക്കാറിന്‍റെ കഴിവില്ലായ്മയാണ്. യമുനയുടെ തീരത്ത് പൂജ നടത്താൻ നോമ്പനുഷ്ഠിക്കുന്ന ഭക്തരെ സർക്കാർ അനുവദിക്കണമെന്നും ജെ.ഡി.യു ഡൽഹി ഘടകം ജനറൽ സെക്രട്ടറി സത്യ പ്രകാശ് മിശ്ര പറഞ്ഞു.
കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചു തന്നെയാണ് ഞങ്ങൾ പൂജക്ക് തയ്യാറെടുക്കാൻ ഉദ്ദേശിച്ചത്. നിരോധനത്തിനെതിരെ ലെഫ്റ്റനന്‍റ് ഗവർണറേയും മുഖ്യമന്ത്രിയേയും ഞങ്ങൾ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. ഞങ്ങളുടെ ആവശ്യം നിറവേറ്റുന്നതുവരെ പ്രതിഷേധം തുടരും -നേതാക്കൾ പറഞ്ഞു.
ഡൽഹി സർക്കാറിനെതിരെ ബി.ജെ.പിയും നേരത്തേ രംഗത്ത് വന്നിരുന്നു.'ഡൽഹിയിൽ സർക്കാർ എല്ലാ വിപണികളും തുറന്നു, സാമൂഹ്യ അകലം പാലിക്കാതെ ബസുകൾ ഓടുന്നു. അതേ സർക്കാർ കോവിഡിന്‍റെ പേരിൽ പൂജ നിരോധിക്കുന്നു. ഇത് സർക്കാരിന്‍റെ പരാജയമാണ്. ആഘോഷങ്ങൾ നിരോധിക്കുന്നതിനുപകരം, ക്രമീകരണങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്' -എന്നായിരുന്നു ഡൽഹി ബി.ജെ.പി യൂണിറ്റ് പ്രസിഡന്‍റ് ആദേഷ് ഗുപ്ത പറഞ്ഞത്.
'പകർച്ചവ്യാധികൾക്കിടയിൽ ജനക്കൂട്ടം കൂടുന്നത് ഒഴിവാക്കാൻ, ഈ വർഷം കമ്മ്യൂണിറ്റി ഛാത് പൂജ ആഘോഷങ്ങൾ നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കാത്ത ആളുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്' -ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
ദീപാവലിക്ക് ആറ് ദിവസത്തിന് ശേഷം ആഘോഷിക്കുന്ന ഛാത് പൂജ നവംബർ 20 ന് ആരംഭിക്കും. നാലുദിവസത്തെ ആഘോഷവേളയിൽ പുഴകൾ, കുളങ്ങൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ ഭക്തർ ഒത്തുകൂടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.