കൊട്ടിഘോഷിച്ച് മോദി സർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ദുരന്തമായി അവസാനിക്കുന്നതായി സർവ്വേ. പദ്ധതിപ്രകാരം ഗ്യാസ് കണക്ഷൻ ലഭിച്ച 42 ശതമാനംപേരും പിന്നീട് ഉപേക്ഷിച്ചതായി എൻ.ജി.ഒ നടത്തിയ വർവ്വേയിൽ കണ്ടെത്തി. വിലക്കയറ്റത്തെത്തുടർന്നാണ് കൂടുതൽപേരും എൽപിജി സിലിണ്ടറുകൾ ഉപേക്ഷിച്ചതെന്ന് സർവേ വെളിപ്പെടുത്തുന്നു. പശ്ചിമ ബംഗാളിലെ ജാർഗ്രാമിലും മിഡ്‌നാപ്പുരിലുമായാണ് സർവ്വേ നടത്തിയത്. 100 ഗ്രാമങ്ങളിൽ നിന്നുള്ള 560 വീടുകളിൽ നടത്തിയ സർവേയിൽ പകുതിയോളം ആളുകളും തങ്ങളുടെ ഗ്യാസ് സിലിണ്ടറുകൾ ഉപേക്ഷിച്ച് വിറകിലേക്ക് മടങ്ങിയതായി കണ്ടെത്തി.
പാചക വാതകത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനും രോഗങ്ങൾ കുറയ്ക്കുന്നതിനുമായി 2016ലാണ് ഉജ്ജ്വൽ യോജന ആരംഭിച്ചത്. രാജ്യത്തെ പല പ്രധാന തിരഞ്ഞെടുപ്പുകളിലും ബിജെപിയെ പദ്ധതി സഹായിച്ചതായി ഇലക്ഷൻ വിഗഗ്ധർ പറഞ്ഞിരുന്നു. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പുകളിൽ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പദ്ധതിയെക്കുറിച്ച് വലിയ പ്രചാരണങ്ങളാണ് നടത്തിയത്. 'ഗ്യാസ് വില വർധനവ്, ലോക്ഡൗൺ കാലത്തെ ഗ്യാസ് ലഭ്യത പ്രശ്‌നം, ഗാർഹിക വരുമാനം കുറയൽ എന്നിങ്ങനെ മൂന്ന് കാരണങ്ങളാലാണ് ഉജ്ജ്വല യോജന പരാജയപ്പെടാൻ കാരണം'-സർവ്വേയിൽ പങ്കെടുത്ത രാജ എൻ.എൽ.യിലെ അസിസ്റ്റന്റ് പ്രൊഫസർ ദേബാശിഷ് സെൻഗുപ്ത പറയുന്നു.
എൽപിജി ഉപയോഗിക്കുന്നത് ഉപേക്ഷിച്ചതോടെ, ഗ്രാമീണർ അവരുടെ വിറകിനായി വനത്തിലേക്ക് പോകാൻ നിർബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു. 2020 സെപ്റ്റംബറിൽ 620.50 രൂപയായിരുന്ന ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 2021 നവംബർ 5 ആയപ്പോഴേക്കും 926 രൂപയായി ഉയർന്നിരുന്നു.
'സർവ്വേയിൽ ആളുകൾ അവരുടെ എൽപിജി സിലിണ്ടറുകളും സ്റ്റൗവും ഉപേക്ഷിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. എൽപിജിയുടെ വില വർധിച്ചതിനാൽ പലരും വർഷങ്ങളായി സിലിണ്ടറുകൾ വീടിനുപുറത്തെ ചായ്പ്പുകളിൽ ഉപേക്ഷിച്ചിരിക്കുകയാണ്. ചിലരെല്ലാം സിലിണ്ടറുകൾ കുറഞ്ഞവിലക്ക് തൂക്കിവിൽക്കുകയും ചെയ്തു'-സർവ്വേ പറയുന്നു.
കഴിഞ്ഞ വർഷം നവംബറിനും ഈ വർഷം സെപ്റ്റംബറിനുമിടയിലാണ് ഫീൽഡ് പഠനം നടത്തിയത്. വെസ്റ്റ് മിഡ്‌നാപൂരിലെ സൽബാനി ബ്ലോക്കിലെ ബാഗ്മാരി ഗ്രാമത്തിൽ നിന്നുള്ള ഗീത സിങ് (50) 2019 നവംബറിൽ ഉജ്ജ്വല യോജന കണക്ഷൻ എടുത്തിരുന്നുവെങ്കിലും 2020 ജനുവരിയിൽ എൽപിജി ഉപയോഗിക്കുന്നത് നിർത്തി.
'ഞാൻ 800 രൂപ വിലയുള്ള വിറക് വാങ്ങിയാൽ, എനിക്ക് മൂന്നുമാസം പാചകം ചെയ്യാം, 900 രൂപ വിലയുള്ള സിലിണ്ടർ ഒരു മാസത്തിനുള്ളിൽ കാലിയാകും'-ഗീത സർവേയർമാരോട് പറഞ്ഞു. 'ഞങ്ങൾ ദരിദ്രരും ദൈനംദിന വരുമാനത്തെ ആശ്രയിക്കുന്നവരുമായതിനാൽ എന്റെ കുടുംബത്തിന് ഗ്യാസ് ലാഭകരമല്ല. ഞങ്ങളുടെ പ്രതിമാസ റേഷൻപോലും 1000 രൂപയ്ക്ക് വാങ്ങാം'-ഗീത കൂട്ടിച്ചേർത്തു. ഗ്യാസ് സിലിണ്ടർ സാധനങ്ങൾ തൂക്കിയിടാനുള്ള ഒരു സ്റ്റാൻഡാക്കി മാറ്റിയിരിക്കുകയാണ് ഗീതയെന്ന് പഠനസംഘം പറഞ്ഞു. 'ഞങ്ങളുടെ ഗ്രാമത്തിൽ എൽപിജി സിലിണ്ടറുകളുടെ വിതരണമില്ല. സിലിണ്ടർ വീട്ടിലെത്തിക്കാൻ വാഹന വാടകയായി 100 രൂപകൂടി നൽകണം. ഇതൊരു പൊല്ലാപ്പായി മാറിയിട്ടുണ്ട്'-ജാർഗ്രാമിലെ ബുരിസോളിലെ മന ഭുനിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.