റാഞ്ചി: വിവിധ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലെ സംവരണം 77 ശതമാനമാക്കി ഉയർത്തി ഝാർഖണ്ഡ് സർക്കാർ. വെള്ളിയാഴ്ച ചേർന്ന പ്രത്യേക നിയമസഭ സമ്മേളനമാണ് എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്കുള്ള സംവരണം 60ൽനിന്ന് 77 ആക്കി ഉയർത്തി, ഝാർഖണ്ഡ് റിസർവേഷൻ ഓഫ് വേക്കൻസീസ് ഇൻ പോസ്റ്റ് ആൻഡ് സർവിസസ് ആക്ട് 2001 ഭേദഗതി പാസാക്കിയത്.
ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ മാറ്റം വരുത്താൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ബിൽ വ്യക്തമാക്കുന്നു.
ഭേദഗതി ബിൽ പ്രകാരം പട്ടികജാതിക്കാർക്ക് 12 ശതമാനം, പട്ടികവിഭാഗത്തിന് 28 ശതമാനം, പിന്നാക്ക വിഭാഗത്തിന് (ഇ.ബി.എസ്) 15 ശതമാനം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി) 12 ശതമാനം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം എന്നിങ്ങനെയാണ് സംവരണം ലഭിക്കുക. നിലവിൽ പട്ടികജാതിക്കാർക്ക് 10 ശതമാനവും പട്ടികവിഭാഗത്തിന് 26 ശതമാനവുമാണ് സംവരണം ലഭിച്ചിരുന്നത്.
ബി.ജെ.പി പ്രതിഷേധത്തിനിടെയാണ് ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. ഭേദഗതിയെ ജനങ്ങൾക്കു വേണ്ടിയുള്ള സുരക്ഷാ കവചം എന്നാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വിശേഷിപ്പിച്ചത്. മന്ത്രിസഭ മുന്നോട്ടുവെച്ച ബില്ലിൽ നിർദേശിക്കപ്പെട്ട ഭേദഗതികളും അസംബ്ലി കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തണമെന്ന നിർദേശവും സഭ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.