ന്യൂഡൽഹി: ഝാർഖണ്ഡ് രാഷ്ട്രീയത്തിൽ ഗവർണറുടെ പങ്ക് നിർണായകമായി. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ എം.എൽ.എ സ്ഥാനത്തിന് അയോഗ്യത കൽപിക്കപ്പെടുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പു കമീഷന്റെ ഇതുസംബന്ധിച്ച ശിപാർശയിൽ ഗവർണർ ശനിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. തുടർന്ന് രാജിവെക്കേണ്ടിവരുന്ന മുഖ്യമന്ത്രിക്ക് വീണ്ടും സത്യപ്രതിജ്ഞക്ക് ഗവർണർ അവസരം കൊടുക്കുമോ, ബി.ജെ.പി ആവശ്യപ്പെടുന്ന പോലെ ഇടക്കാല തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമോ എന്ന ചോദ്യത്തിനു മുന്നിലാണ് സംസ്ഥാന രാഷ്ട്രീയം.
ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ, തന്റെ പേരിൽ ഖനന കരാർ നേടിയതാണ് എം.എൽ.എ സ്ഥാനത്തിന് അയോഗ്യത കൽപിക്കപ്പെടാൻ കാരണം. അദ്ദേഹം ഖനന വകുപ്പു മന്ത്രിയുമാണ്. എം.എൽ.എ സ്ഥാനത്തിന് അയോഗ്യത കൽപിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഗവർണറെ അഭിപ്രായമറിയിച്ചിരുന്നു.
എന്നാൽ, ഗവർണർ ഇക്കാര്യത്തിൽ വെള്ളിയാഴ്ച തീരുമാനമെടുത്തില്ല. ഭാവി നടപടി എന്താകണമെന്ന് എം.എൽ.എമാരുടെ യോഗം വിളിച്ച് ഹേമന്ത് സോറൻ ഇതിനിടയിൽ ചർച്ചചെയ്തു. അയോഗ്യത കൽപിച്ചാൽ മുഖ്യമന്ത്രിസ്ഥാനം ഹേമന്ത് സോറൻ രാജിവെക്കേണ്ടി വരും. അതേസമയം, എം.എൽ.എ സ്ഥാനത്തിന് അയോഗ്യത കൽപിച്ചതല്ലാതെ, വീണ്ടും മത്സരിക്കുന്നതിന് വിലക്കില്ല.
ഈ സാഹചര്യത്തിൽ ഹേമന്ത് സോറന് രാജിക്കു പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഝാർഖണ്ഡിൽ ജെ.എം.എമ്മും കോൺഗ്രസും ചേർന്നാണ് ഭരണം. സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ, ബി.ജെ.പിയുടെ അട്ടിമറി ശ്രമങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.