റാഞ്ചി: അഴിമതി ആരോപണത്തെ തുടർന്ന് പ്രതിസന്ധി നേരിട്ട ഝാർഖണ്ഡിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ നിയമസഭയിൽ വിശ്വാസ വോട്ട് നേടി. വിശ്വാസവോട്ടെടുപ്പിന്റെ നടപടികൾ നടക്കുമ്പോൾ തുടക്കം മുതൽ പ്രതിപക്ഷമായ ബി.ജെ.പി പ്രതിഷേധിച്ചു. ഒടുവിൽ വോട്ടെടുപ്പിന് തൊട്ടുമുമ്പ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വോട്ടിന് തൊട്ടുമുമ്പ് സംസാരിച്ച മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനായി രാജ്യത്ത് കലാപങ്ങളുണ്ടാക്കുകയാണ് ബി.ജെ.പിയെന്ന് കുറ്റപ്പെടുത്തി. ഝാർഖണ്ഡ് സർക്കാറിനെ തള്ളിയിടാനായി എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷം ജനാധിപത്യം തകർക്കുകയാണ്. സാമാജികരെ കുതിരക്കച്ചവടം നടത്തുന്നതിൽ മുഴുകിയിരിക്കുകയാണ് ബി.ജെ.പി. ഞങ്ങൾ സഭയിൽ ശക്തി തെളിയിക്കും. ജനങ്ങൾ തുണി, റേഷൻ, പലചരക്ക് എന്നിവ വാങ്ങും. ബി.ജെ.പി മാത്രമാണ് സാമാജികരെ വാങ്ങുക - സോറൻ ആരോപിച്ചു.
സർക്കാറിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള സഖ്യം നേരത്തെ ആരോപിച്ചിരുന്നു.
ഭരണകക്ഷികളുടെ എം.എൽ.എമാർ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ നിന്ന് ഇന്നലെ പ്രത്യേക വിമാനത്തിൽ സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിലേക്ക് എത്തി. എം.എൽ.എമാരെ ബി.ജെ.പി പിടിക്കാതിരിക്കാൻ റാഞ്ചിയിലെ ആഡംബര റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.