‘ഝാർഖണ്ഡികളെ ഭിന്നിപ്പിക്കാനോ നിശബ്ദരാക്കാനോ കഴിയില്ല, ഐക്യമാണ് ഞങ്ങളുടെ ആയുധം’; ബി.ജെ.പിക്കെതിരെ സോറൻ

റാഞ്ചി: ഝാർഖണ്ഡി​ന്‍റെ 14ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെ താക്കീത് ചെയ്ത് ഹേമന്ത് സോറൻ. ‘ഐക്യമാണ് സംസ്ഥാനത്തെ ജനങ്ങളുടെ ഏറ്റവും വലിയ ആയുധം. ഞങ്ങളെ വിഭജിക്കാനോ നിശബ്ദമാക്കാനോ കഴിയില്ലെ’ന്ന് സോറൻ പറഞ്ഞു.  ‘അവർ നമ്മെ പിന്നോട്ട് തള്ളുമ്പോഴെല്ലാം നമ്മൾ മുന്നോട്ട് പോകും. അവർ നമ്മെ നിശബ്ദരാക്കാൻ ശ്രമിക്കുമ്പോഴെല്ലാം നമ്മുടെ കലാപത്തി​ന്‍റെയും വിപ്ലവത്തി​ന്‍റെയും ശബ്ദം ഉയർന്നുവരും. ഞങ്ങൾ ഝാർഖണ്ഡികളാണ്. ഝാർഖണ്ഡികൾ തലകുനിക്കുകയില്ല’- സോറൻ എക്‌സിൽ പോസ്റ്റ് ചെയ്തു. ഞങ്ങളുടെ പോരാട്ടം ഉറച്ചതും നിലക്കാത്തതുമാണ്. ഇത് അവസാന ശ്വാസം വരെ തുടരും. ഈ ദിനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, നീതിയോടുള്ള ഝാർഖണ്ഡികളുടെ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുമെന്നും പറഞ്ഞു.

‘രാഷ്ട്രീയ വിജയത്തിനല്ല. സാമൂഹ്യനീതിക്ക് വേണ്ടിയുള്ളതാണ് നമ്മുടെ പോരാട്ടം. സാമൂഹിക ഐക്യം ശക്തിപ്പെടുത്താനുള്ള ദൈനംദിന പോരാട്ടം ആവർത്തിക്കാനുള്ള ദിവസമാണ് ഇന്ന്. ജനാധിപത്യത്തിന്മേലുള്ള വർധിച്ചുവരുന്ന സമ്മർദ്ദത്തിനിടയിലും ഝാർഖണ്ഡിലെ മഹാന്മാർ ഒരുമിച്ച് നിൽക്കുന്നുവെന്ന് ഈ ദിവസം നമ്മോട് പറയുന്നു. ഓരോ ഗ്രാമത്തിലും എല്ലാ നഗരങ്ങളിലും ഒരേ ശബ്ദം പ്രതിധ്വനിക്കുന്നു. സാമൂഹിക ഘടനയിൽ ആഴത്തിലുള്ള വിള്ളലുകൾ ഉയർന്നുവരുമ്പോൾ ഐക്യത്തിനായി ദൃഢനിശ്ചയം ചെയ്യേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വയംഭരണ സർക്കാറിനുവേണ്ടി പ്രവർത്തിച്ച ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം ഝാർഖണ്ഡ് എല്ലായ്പ്പോഴും പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ജന്മം നൽകിയിട്ടുണ്ടെന്നും ഭഗവാൻ ബിർസ മുണ്ട, സിദോ-കൻഹു, അമർ ഷഹീദ് തുടങ്ങിയ വീരന്മാരുടെ പൈതൃകം വഹിച്ചുകൊണ്ടാണ് ജെ.എം.എം എല്ലാ ദിവസവും മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 39,791 വോട്ടി​ന്‍റെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ ഗാംലിയേൽ ഹെംബ്രോമിനെ പരാജയപ്പെടുത്തി സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തി. 81 അംഗ നിയമസഭയിൽ 56 സീറ്റുകൾ നേടി സോറ​ന്‍റെ ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യം വിജയത്തിലേക്ക് കുതിച്ചപ്പോൾ ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎക്ക് 24 സീറ്റുകളാണ് ലഭിച്ചത്.

Tags:    
News Summary - 'Jharkhandis cannot be divided or silenced, unity is our weapon'; Hemant Soren against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.