മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ മഹാവികാസ് അഘാഡി സഖ്യം വിടാൻ ഉദ്ധവ് താക്കറെക്കു മേൽ ശിവസേന നേതാക്കൾ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച ചേർന്ന യോഗത്തിൽ 20 ശിവസേന(യു.ബി.ടി) എം.എൽ.എമാർ സഖ്യം വിടണമെന്ന് ഉദ്ധവിനോട് ആവശ്യപ്പെട്ടതായാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ശിവസേന പിളർത്തിയ ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് 57 സീറ്റുകളാണ് ലഭിച്ചത്. ഈ വിജയത്തിനു പിന്നാലെയാണ് എം.വി.എ സഖ്യത്തിന്റെ സാധ്യതയെ കുറിച്ചുള്ള ചോദ്യങ്ങളുയർന്നത്.
എന്നാൽ ബി.ജെ.പിയെ നേരിടാൻ എം.വി.എക്കല്ലാതെ മറ്റൊന്നിനും കഴിയില്ല എന്നാണ് ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും എം.പി സഞ്ജയ് റാവുത്തും അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. സഖ്യം വിടുന്ന പ്രശ്നമില്ലെന്നും മൂവരും ഉറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്.
സഖ്യമുപേക്ഷിച്ച് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നേരിടണമെന്നാണ് ശിവസേന എം.എൽ.എമാരിൽ നിന്നുവന്ന അഭിപ്രായമെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് അംബാദാസ് ദാൻവെ പറഞ്ഞു. അധികാരത്തിനായി ആർത്തിപൂണ്ട പാർട്ടിയല്ല ഒരിക്കലും ശിവസേന. സ്വതന്ത്രമായി നിൽക്കുന്നത് ശിവസേനയെ കൂടുതൽ ശക്തിപ്പെടുത്തും. പ്രത്യയ ശാസ്ത്രത്തിൽ ഉറച്ചുനിൽക്കുമ്പോൾ തികച്ചും സ്വാഭാവികമായി സംഭവിക്കുന്നതാണ് അധികാരമെന്നും ദാൻവെ കൂട്ടിച്ചേർത്തു.
2022ലാണ് ശിസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ ബി.ജെ.പിക്കൊപ്പം പോയത്. ഭൂരിഭാഗം എം.എൽ.എമാരെയും ഷിൻഡെ ശിവസേനയിൽ നിന്ന് അടർത്തിയെടുക്കുകയും ചെയ്തു. അതിനു പിന്നാലെ പാർട്ടിയുടെ പേരും ചിഹ്നവും ഷിൻഡെ വിഭാഗം സ്വന്തമാക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് ഉദ്ധവ് വിഭാഗം നേടിയത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2019ലാണ് എം.വി.എ സഖ്യം രൂപം കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.