ന്യൂഡൽഹി: ‘വഴികാട്ടിയായ’ ഗൂഗിൾ മാപ്പ് വഴി തെറ്റിക്കുന്നതും അപകടത്തിൽ ചാടിക്കുന്നതുമായ സംഭവങ്ങൾ നിരന്തരം വാർത്തകളാവുകയാണ്. ഡൽഹിയിലുള്ള ഏജൻസി ജീവനക്കാരിയായ ജ്യോത്സന ഗുപ്ത ഗുരുഗ്രാമിലെ ആറാംഗഡിലേക്കുള്ള യാത്രയിലായിരുന്നു. ഗൂഗിൾ മാപ് നിർദേശം അനുസരിച്ച് കുറുക്കുവഴിയിലൂടെ അവസാനം വനത്തിലാണ് അവർ ചെന്നെത്തിയത്.
‘ജനുവരി 31ന് ഹരിയാനയിലെ ഗുരുഗ്രാമിലെ ആറാംഗഡിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഞാൻ തനിച്ചായിരുന്നു, ഗൂഗിൾ മാപ് ‘പേരിടാത്തത്’ എന്ന് അടയാളപ്പെടുത്തിയ ഒരു റോഡിലേക്ക് നയിച്ചു. റോഡ് വിജനമായിരുന്നു. സൈൻബോർഡുകളോ ശരിയായ ദിശകളോ ഇല്ല. തുടർന്ന് ഒരു കാട്ടിലേക്കായിരുന്നു എന്നെ കൊണ്ടെത്തിച്ചത്. ഒറ്റപ്പെട്ട പ്രദേശം അങ്ങേയറ്റം പേടിപ്പെടുത്തി. ഒരുപാട് അലച്ചിലുകൾക്കും തിരച്ചിലുകൾക്കും ശേഷം ഒടുവിൽ ശരിയായ റൂട്ടിൽ തിരിച്ചെത്തി. ഈ സംഭവം യാത്ര വൈകിപ്പിക്കുക മാത്രമല്ല എനിക്ക് ഞെട്ടൽ സമ്മാനിക്കുകയും ചെയ്തു -യുവതി സംഭവം വിവരിച്ചു.
ബറേലിയിൽ നടന്ന അപകടം മുതൽ ദൈനംദിന വഴിതെറ്റലുകൾക്കു വരെ ഗൂഗിൾ മാപ്പിന്‍റെ സ്ഥിരം ഉപയോക്താക്കളടക്കം ഇരകളാവുന്നു. സാധാരണ ഡ്രൈവർമാർ, ഹോം ഡെലിവറി എക്‌സിക്യൂട്ടിവുകൾ, ആപ്പ് അധിഷ്‌ഠിത ക്യാബ് ഓപ്പറേറ്റർമാർ തുടങ്ങിയവർ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ മുൻ നിർത്തി ഇതൊരു ‘അപകട മാപ്പ്’ ആണെന്ന് പറയുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ നോയിഡയിൽനിന്ന് ബറേലിയിലെ ഫരീദ്പൂരിലേക്ക് പോകുകയായിരുന്ന മൂന്നുപേർ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഭാഗികമായി നിർമിച്ച പാലത്തിൽനിന്ന് കാർ രാംഗംഗ നദിയിലേക്ക് മറിഞ്ഞ് മരിച്ചു.
ഹൈദരാബാദിൽ നിന്നുള്ള 31കാരിയായ രുച്ചാ ബക്രെ ഒരു വിവാഹ ഷോപ്പിങിനിടെ ഗൂഗിൾ മാപ് തനിക്ക് നാണക്കേടുണ്ടാക്കിയതെങ്ങനെയെന്ന് പങ്കിടുന്നു. ‘ഞങ്ങൾക്ക് അടുത്തുള്ള ഒരു ജ്വല്ലറിയിലേക്കായിരുന്നു എത്തേണ്ടത്. അത് ഏത് പ്രദേശത്താണെന്ന് അറിയാമായിരുന്നുവെങ്കിലും കൃത്യമായ സ്ഥാനം അറിയില്ലായിരുന്നു. തുടർന്ന് മാപ് ഓണാക്കി. എന്നാലത് പ്രധാന റോഡിലൂടെ നയിക്കുന്നതിന് പകരം ഇടുങ്ങിയ റോഡുകളിലൂടെ കൊണ്ടുപോയി. ഞങ്ങൾ വരന്റെ ഭാഗത്തുനിന്നുള്ളവരായിരുന്നു. വധുവിന്റെ വീട്ടുകാർ ഒരു മണിക്കൂർ നേരത്തെ എത്തിയെങ്കിലും വെറും അഞ്ച് മിനിറ്റ് ദൂരം പിന്നിടാൻ ഞങ്ങൾ അര മണിക്കൂർ എടുത്തു’വെന്ന് അവർ പറഞ്ഞു.
ഗൂഗിൾ മാപിന്റെ പിശകുകൾ തന്റെ ജോലിയെ ബാധിക്കുന്നതായി കൊൽക്കത്തയിലെ ആദ്യത്തെ സ്വിഗ്ഗി ഡെലിവറി വനിതയായ രൂപ ചൗധരി പറഞ്ഞു. ‘ഗൂഗിൾ മാപ് അടിയന്തിരമായി അപ്‌ഡേറ്റ് ചെയ്യണം. കാരണം അത് കാണിക്കുന്ന റോഡുകൾ പലപ്പോഴും അവസാനിക്കുന്നതാണ്. അതു പറയുന്നതനുസരിച്ച് ഒരു വൺവേ റോഡിൽ പ്രവേശിച്ച് പുറത്തുകടക്കാനാവാത്ത പ്രശ്‌നങ്ങളും ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ വളരെ വൈകിയാണ് ഉപഭോക്താക്കൾക്ക് പാഴ്‌സലുകൾ എത്തിക്കാനാവുക. ഇത് കാരണം പല പൊലീസ് കേസുകളും എനിക്ക് കിട്ടി. റൈഡർമാരായതിനാൽ ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഞങ്ങളുടേതാണ്. ഗൂഗിൾ മാപിനോ ഞാൻ ജോലി ചെയ്യുന്ന കമ്പനിക്കോ അല്ല. ഇക്കാരണത്താൽ ഞാൻ രണ്ടുതവണ 1000 രൂപ പിഴയടക്കേണ്ടിവന്നു.
‘ഗൂഗിൾ മാപ് ചിലപ്പോൾ മുൻവശത്തിന് പകരം ലൊക്കേഷന്റെ പിൻവശം കാണിക്കും. ചില സമയങ്ങളിൽ ഞാൻ ബൈപാസിൽ കയറുമ്പോൾ കുറുക്കുവഴികൾ ലഭ്യമാണെങ്കിലും ദീർഘിച്ച വഴികൾ പിന്നിട്ടായിരിക്കും ലൊക്കേഷനിൽ എത്തിച്ചേരുക’- ഒല ഡ്രൈവറായ ശ്രീമാൻ മിശ്ര ആപിന്റെ നാവിഗേഷനിലെ അപാകതകളെക്കുറിച്ച് പറയുന്നു. ഗൂഗിൾ മാപ് ഉപയോഗിക്കുമ്പോൾ റോഡിന് പകരം കുളം കണ്ടെത്തിയതടക്കം നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കൊൽക്കത്തയിൽ വാഹനമോടിക്കുമ്പോൾ ഒരു സൈക്കിൾ പോലും പ്രവേശിക്കാൻ കഴിയാത്ത ദിശകൾ കാണിച്ച സന്ദർഭങ്ങളുണ്ടെന്നും 46കാരനായ ഗൗതം ഘോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.