ന്യൂഡൽഹി: യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള അമർഷം പേറുന്ന ബ്രാഹ്മണ വിഭാഗത്തെ തൃപ്തിപ്പെടുത്താൻ കോൺഗ്രസിൽനിന്ന് എത്തിയ ജിതിൻ പ്രസാദയെ പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലിൽ ബി.ജെ.പി നേതൃത്വം.
13 ശതമാനം വരുന്ന ബ്രാഹ്മണർക്ക് ഠാകുർ വിഭാഗക്കാരനായ യോഗിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുന്നത് ഇഷ്ടമല്ല. കാവിപുതച്ച ജിതിന് പാർട്ടിയിൽ മെച്ചപ്പെട്ട റോൾ നൽകി അവർക്കിടയിൽ അവതരിപ്പിക്കാനാണ് ബി.ജെ.പി നീക്കം. അതേസമയം, യു.പിയിൽ ജിതിന് സ്വന്തനിലക്ക് വലിയ സ്വാധീനം അവകാശപ്പെടാനില്ല. സിന്ധ്യക്ക് പിന്നാലെ മിലിന്ദ് ബി.ജെ.പി പാളയത്തിൽ എത്തിയത് കോൺഗ്രസിന് തിരിച്ചടിയാണ്. അടിക്കടി തിരിച്ചടി ഏറ്റുവാങ്ങുന്ന കോൺഗ്രസിെൻറ ഭാവിയെക്കുറിച്ച നിരാശ ഇതോടെ വീണ്ടും സജീവ ചർച്ചയായി.
യു.പിക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പു നടക്കേണ്ട പഞ്ചാബിലെ ഉൾപ്പോര് തീർക്കാൻ സംസ്ഥാന നേതാക്കളെ കോൺഗ്രസ് നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ച സന്ദർഭത്തിൽ തന്നെയാണ് യു.പിയിലെ പ്രമുഖ നേതാവ് പാർട്ടി വിട്ടത്. ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ്, മിലിന്ദ് ദേവ്ര എന്നിവർക്കൊപ്പം ജിതിനും രാഹുൽ ഗാന്ധിയുടെ വിശ്വസ്ത യുവസംഘത്തിൽ ഉണ്ടായിരുന്നു. രാഹുലിനൊപ്പം ഡൂൺ സ്കൂളിൽ സഹപാഠിയുമായിരുന്നു. ജ്യോതിരാദിത്യ കഴിഞ്ഞ വർഷം ബി.ജെ.പിയിൽ ചേർന്നു.
അശോക് ഗെഹ്ലോട്ടുമായി ഉടക്കിയ സചിനും മുൻ കേന്ദ്രമന്ത്രി മുരളി ദേവ്രയുടെ മകനായ മിലിന്ദും പാർട്ടിയിൽ ഒതുക്കപ്പെട്ട നിലയിലാണ്. തനിക്കെതിരെ പാർട്ടി പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച ജിതേന്ദ്ര പ്രസാദിെൻറ മകനെ കോൺഗ്രസിെൻറ മുൻനിരയിലേക്ക് കൊണ്ടുവരാൻ സോണിയ ഗാന്ധി പ്രത്യേക താൽപര്യമെടുത്തിരുന്നു. മൻമോഹൻസിങ്ങിനു കീഴിൽ രണ്ടുവട്ടം കേന്ദ്രമന്ത്രിയാവുകയും ചെയ്തു. കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2017ലെ യു.പി തെരഞ്ഞെടുപ്പിലും തോറ്റ ജിതിൻ ജി 23 എന്ന് അറിയപ്പെടുന്ന വിമതസംഘാംഗമായതോടെയാണ് നെഹ്റു കുടുംബത്തിന് വീണ്ടും അനഭിമതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.