ന്യൂഡൽഹി: മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ ഹരിയാനയിലുണ്ടായ ഭരണപ്രതിസന്ധി പരിഹരിക്കാനാകാതെ ബി.ജെ.പി. നായബ് സിങ് സൈനി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ നൽകാമെന്ന വാഗ്ദാനവുമായി എൻ.ഡി.എ മുൻ സഖ്യകക്ഷിയായ ജനനായക് ജനത പാർട്ടി (ജെ.ജെ.പി). ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് പകരം തെരഞ്ഞെടുപ്പിനെ നേരിടുന്നതിലാണ് കോൺഗ്രസിന് താൽപര്യം.
കേവല ഭൂരിപക്ഷം നഷ്ടമായ സർക്കാറിനെ താഴെയിറക്കാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെങ്കിൽ അതിന് എല്ലാ പിന്തുണയും നല്കാൻ തയാറാണെന്ന് ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗതാലയാണ് ബുധനാഴ്ച പറഞ്ഞത്. പിന്തുണ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാറിനെതിരെയുള്ള കർഷകരോഷം നാലരവർഷം ഭരണത്തിലുണ്ടായിരുന്ന ജെ.ജെ.പിക്കെതിരെയും നിലനിൽക്കുന്നുണ്ട്. ഇതാണ് ജെ.ജെ.പി പിന്തുണ സ്വീകരിക്കാൻ കോൺഗ്രസ് മടിക്കുന്നത്. പിന്തുണ മേയ് 25ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതികൂലമായി ബാധിച്ചേക്കും. മാസങ്ങൾ മാത്രമാണ് സർക്കാറിന്റെ കാലാവധി. തട്ടിക്കൂട്ട് സർക്കാർ ഉണ്ടാക്കുന്നതിനു പകരം ഭൂരിപക്ഷത്തോടെ സ്വന്തം സർക്കാർ രൂപവത്കരിക്കാനാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
കഴിഞ്ഞ ദിവസം സർക്കാറിന് പിന്തുണ പിൻവലിച്ച മൂന്ന് സ്വതന്ത്രരും കോൺഗ്രസിനൊപ്പമാണുള്ളത്. മറ്റൊരു സ്വതന്ത്ര എം.എൽ.എയുടെ പിന്തുണ നേരത്തെ ഉണ്ട്. ഇതോടെ പാർട്ടിക്ക് 34 പേരുടെ പിന്തുണയാണുള്ളത്.10 എം.എൽ.എമാരുള്ള ജെ. ജെ.പിയുടെയും പ്രതിപക്ഷത്തുള്ള ഐ.ഐ.എൻ.എൽ.ഡിയുടെയും പിന്തുണ ലഭിക്കുന്നതോടെ അവിശ്വാസ പ്രമേയം നടന്നാൽ സർക്കാറിനെ താഴെയിറക്കാനാകും. എന്നാൽ, സംസ്ഥാനത്ത് ഒരു ഭരണപ്രതിസന്ധിയുമില്ലെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എം.എൽ.എമാരിൽ പലരും തങ്ങളോടൊപ്പം ഉണ്ടെന്നും ആശങ്കയില്ലെന്നും ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ മനോഹർലാൽ ഖട്ടർ വ്യക്തമാക്കി.
ലോക്സഭ സീറ്റ് വിഭജന തർക്കത്തെ തുടർന്ന് ജെ.ജെ.പി എൻ.ഡി.എ സഖ്യം ഉപേക്ഷിച്ചിരുന്നു. ഇതിനിടെ, മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടർ നാടകീയമായി രാജിവെക്കുകയും പുതുമുഖമായ നായബ് സിങ് സൈനിയെ പകരക്കാരനാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഖട്ടർ എം.എൽ.എസ്ഥാനവും രാജിവെക്കുകയുണ്ടായി. നിലവിൽ 88 അംഗങ്ങളാണ് ഹരിയാന സഭയിൽ. 40 ബി.ജെ.പി എം.എൽ.എമാരുൾപ്പെടെ 42 പേരുടെ പിന്തുണയാണ് സർക്കാറിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.